Join News @ Iritty Whats App Group

രണ്ടര വയസുകാരിയുടെ ജീവനെടുത്തത് പിതാവിന്റെ സംശയരോഗം; മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവം


മലപ്പുറത്ത് രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുട്ടി കൊല്ലപ്പെടും മുന്‍പ് ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് പുതിയതും പഴയതുമായ നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എരിയുന്ന സിഗരറ്റ് കുത്തി പൊള്ളലേല്‍പ്പിച്ച പാടും കുട്ടിയുടെ ദേഹത്തുണ്ട്.

കുട്ടിയുടെ മാതാവും ബന്ധുക്കളും പിതാവിന്റെ മര്‍ദ്ദനത്തെ കുറിച്ച് ആരോപണമുന്നയിച്ചതിന് പിന്നാലെ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ കാളികാവിലെ റബര്‍ എസ്റ്റേറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതി കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

കുട്ടിയുടെ തൊണ്ടയില്‍ ആഹാരം കുടുങ്ങിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായി എന്നായിരുന്നു പ്രതി ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ അബോധാവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ കുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് കുട്ടിയുടെ മാതാവും ബന്ധുക്കളും ഫായിസിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. ഇയാള്‍ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. കുട്ടിയുടെ പിതാവ് താന്‍ അല്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇയാളുടെ മാതാവും കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പരാതിയുണ്ട്. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞതായി പറയുന്നു.

കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലച്ചോറിന് സംഭവിച്ച ക്ഷതത്തെ തുടര്‍ന്ന് രക്ത സ്രാവമുണ്ടായതാണ് മരണകാരണം. കുട്ടിയുടെ മാതാവിന്റെയും ബന്ധുക്കളുടെയും ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Post a Comment

أحدث أقدم
Join Our Whats App Group