ഇടുക്കി: മോഷ്ടാവിനെ ചോദ്യം ചെയ്യലിലൂടെ പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേയ്ക്ക് വഴിതുറക്കുന്ന വിവരങ്ങളെന്ന് സൂചന. കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം ഒരു മോഷ്ടാവിനെ പിടികൂടി നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു ക്രൂരകൃത്യം നടന്നതായി സൂചനകൾ ലഭിച്ചത്.
കാഞ്ചിയാർ കാക്കാട്ടുകടയിലാണ് വീടും പരിസരവും കേന്ദ്രീകരിച്ചു പോലീസിന്റെ തിരച്ചിൽ. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയിൽ പിടിയിലായ വിഷ്ണുവെന്നയാളും ഇയാളുടെ മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐ യും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാൽ ആസ്വഭാവികമായ ചിലത് വീട്ടിൽ കണ്ടെത്തി. തുടർന്ന് ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
കൊലപാതകം നടന്നതായും മൃതദേഹം വീടിന്റെ പരിസരത്ത് മറവു ചെയ്തതായും ഉള്ള സൂചനകൾ പുറത്തു വരുന്നുണ്ട്. വീടിനുള്ളിൽ മന്ത്രവാദം നടന്നതായിട്ടാണ് സൂചന. വീടിന്റെ പരിസരത്ത് നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ പോലീസ് കാവലിലാണ് ഈ വീടും പരിസരവും. സംശയിക്കുന്ന സ്ഥലങ്ങളിൽ ഇന്ന് പോലീസ് സംഘമെത്തി പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കട്ടപ്പനയിലെത്തി യോഗം ചേർന്നിരുന്നു.
കഴിഞ്ഞ ദിവസം വീട് കേന്ദ്രീകരിച്ച് നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ ചില പരിശോധനകളിലൂടെ വലിയൊരു ക്രൂരകൃത്യം പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ പ്രാഥമിക നിഗമനങ്ങളും ലഭ്യമായ വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി. തുടർന്ന് വിപുലമായ നീക്കത്തിനൊരുങ്ങുകയാണ് പോലീസ്. ഇതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം കേന്ദ്രീകരിച്ച് പദ്ധതി തയാറാക്കുന്നു.
إرسال تعليق