Join News @ Iritty Whats App Group

സ്വർണാഭരണങ്ങൾ കാണുന്നില്ല, മൃതദേഹം കണ്ടത് മുട്ടോളം വെള്ളമുള്ള തോട്ടിൽ; അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്


കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതാകുമ്പോൾ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൃതശരീരത്തിൽ ഉണ്ടായിരുന്നില്ല. മുട്ടോളം മാത്രമുള്ള വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പേരാമ്പ്ര പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വാളൂര്‍ സ്വദേശിയായ അനുവിന് 26 വയസാണ് പ്രായം. ഒരു വര്‍ഷം മുൻപായിരുന്നു വിവാഹം. മൂന്ന് മാസമായി ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് അവശനാണ്. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടയിൽ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്.

ഭര്‍ത്താവിനെ ആശുപത്രിയിൽ കാണിക്കേണ്ടതിനാലാണ് വീട്ടിൽ നിന്ന് യുവതി പോയത്. എന്നാൽ അനു ഭര്‍തൃവീട്ടിലെത്തിയില്ല. ഫോണിൽ വിളിച്ചിട്ട് ബന്ധുക്കൾക്ക് അനുവിനെ കിട്ടിയില്ല. ഇരു വീടുകളിലും യാതൊരു പ്രശ്നവും ഇല്ലെന്നും അനു സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അനുവിന് എന്തോ അപായം സംഭവിച്ചുവെന്ന് ഭയന്ന വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. ഉടനെ പൊലീസിൽ പരാതിയും നൽകി. നാട്ടുകാര്‍ പ്രദേശമാകെ അരിച്ചുപെറുക്കി പരിശോധിക്കുകയും ചെയ്തു. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം തിരച്ചിൽ നടത്തിയിരുന്നുവെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group