റിയാദ്: സൗദിയിലെ താമസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച അനുജെൻറ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഏറ്റുവാങ്ങി വീട്ടിലെത്തിച്ച ജ്യേഷ്ഠൻ മൃതദേഹത്തിന് സമീപമിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. റിയാദ് എയർപ്പോർട്ട് റോഡിലെ മദ്രീം ഇൻറർനാഷനൽ ഹോട്ടലിൽ ഷെഫ് ആയിരുന്ന കോഴിക്കോട് കൊയിലാണ്ടി കൊല്ലം താഴെമണിക്കലാത്ത് ഹൗസിൽ ടെറി മാസിഡോ (46), ബഹ്റൈനിൽ ജോലി ചെയ്തിരുന്ന ജ്യേഷ്ഠൻ കെന്നി മാസിഡോ (52) എന്നിവരാണ് മരിച്ചത്.
ഡ്യൂട്ടിക്ക് ശേഷം താമസസ്ഥലത്ത് എത്തി വിശ്രമിക്കുന്നതിനിടെ ഫെബ്രുവരി 29നാണ് ടെറി മാസിഡോക്ക് നെഞ്ചുവേദനയുണ്ടായത്. ഉടൻ സമീപത്തെ ആസ്റ്റർ സനദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഈ വിവരമറിഞ്ഞ് ബഹ്റൈനിൽനിന്ന് കെന്നി മാസിഡോ റിയാദിലേക്ക് വരാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. ഉടൻ മൃതദേഹം നാട്ടിലെത്തിക്കും എന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം നാട്ടിലേക്ക് പോയി കാത്തിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ മൃതദേഹം കെന്നി മാസിഡോയും സഹോദരൻ ജെഫ്രി മാസിഡോയും അദ്ദേഹത്തിെൻറ മകൻ ഷിമോൺ മാസിഡോയും കൂടി ഏറ്റുവാങ്ങി വീട്ടിൽ കൊണ്ടുപോയി.
അവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം അതിന് അടുത്ത് ഇരുന്നതാണ് കെന്നി മാസിഡോ. പിന്നീട് എഴുന്നേറ്റില്ല. സംസ്കാരത്തിനായി മൃതദേഹം എടുത്തിട്ടും എഴുന്നേൽക്കുന്നില്ലെന്ന് കണ്ട് നോക്കിയപ്പോഴാണ് മരിച്ചതായി മനസിലായത്. ടെറി മാസിഡോയുടെ മൃതദേഹം കണ്ണൂരിലെ ഭാര്യാവീട്ടിലും കെന്നി മാസഡിയോയുടെ മൃതദേഹം കൊയിലാണ്ടിയിലും സംസ്കരിച്ചു. ടെറിയുടെ ഭാര്യ ഷിൻസി, മക്കൾ: ആൻഡ്രിയ, എയിഡിൻ. ടെറിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദിൽ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടും കൊയിലാണ്ടിക്കൂട്ടം ഭാരവാഹികളായ റാഫി കൊയിലാണ്ടി, കെ. ടി. സലിം, ഗിരീഷ് കാളിയത്ത്, സൗദി പൗരൻ അബ്ദുറഹ്മാൻ അലി ആദി അൽ ഹാദി എന്നിവരുമാണ്.
إرسال تعليق