Join News @ Iritty Whats App Group

വിമാനത്താവളത്തിന്റെ പദവി മാറ്റി അംബാനിക്ക് സഹായം, കണ്ണൂരിന് അവഗണ: പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌



കണ്ണൂർ വിമാനത്താവളത്തില്‍ വിദേശവിമാനങ്ങളിറക്കാൻ അനുമതിനല്‍കാത്ത കേന്ദ്രസർക്കാർ അനന്ത് അംബാനിയുടെ വിവാഹാഘോഷച്ചടങ്ങുകള്‍ക്കായി ജാംനഗറിന് അന്താരാഷ്ട്ര വിമാനത്താവള പദവി നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

'ജാംനഗർ സൈനികവിമാനത്താവളമാണ്. അനന്ത് അംബാനിയുടെ വിവാഹാഘോഷത്തിനുമാത്രമായി അതിന് അന്താരാഷ്ട്രപദവി നല്‍കി. മൂന്നു കേന്ദ്രമന്ത്രിമാർക്ക് ചുമതലനല്‍കി. കെട്ടിടം വലുതാക്കി. ശൗചാലയങ്ങള്‍ നവീകരിച്ചു. 2018-ല്‍ ആരംഭിച്ച കണ്ണൂർ വിമാനത്താവളത്തിന് വിദേശവിമാനങ്ങളിറങ്ങാനുള്ള പോയിന്റ് ഓഫ് കോള്‍ ലഭിച്ചിട്ടില്ല. ഇത് വിവേചനമല്ലേ?' -നരേന്ദ്രമോദിയെ ടാഗ് ചെയ്ത് എക്സ് സന്ദേശത്തില്‍ കോണ്‍ഗ്രസ് ദേശീയവക്താവ് ഡോ. ഷമ മുഹമ്മദ് ചോദിച്ചു.

റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധികാ മർച്ചന്റുമായുള്ള വിവാഹത്തിന്റെ ആഘോഷമേളങ്ങള്‍ക്ക് വിദേശത്തുനിന്ന് എത്തുന്നവരുടെ വിമാനങ്ങള്‍ക്ക് ഇറങ്ങാൻ ജാംനഗറിന് പത്തുദിവസത്തേക്കാണ് അന്താരാഷ്ട്ര പദവി നല്‍കിയത്. 

കോടീശ്വരൻമാരായ സുഹൃത്തുക്കള്‍ക്കായി പ്രധാനമന്ത്രി എന്തും ചെയ്യുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും കുറിച്ചു. 'പാസഞ്ചർ ടെർമിനലിന്റെ വലിപ്പം ഇരട്ടിയാക്കി. നികുതിദായകരുടെ പണമാണ്. വിവാഹച്ചടങ്ങുകള്‍ക്കെത്തുന്ന അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ്. പാക് അതിർത്തിയോടുചേർന്ന വിമാനത്താവളമാണ്. പ്രതിരോധ ദൃഷ്ടിയില്‍ വളരെ നിർണായകസ്ഥാനമാണ്. പക്ഷേ, വിദേശ അതിഥികളുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയവരെ ഉപയോഗിക്കാൻ അനുമതി കൊടുത്തിരിക്കുന്നു'' -ജയറാം രമേശ് വിമർശിച്ചു.

മൂന്നുദിവസത്തെ വിവാഹപൂർവ ആഘോഷങ്ങള്‍ ഞായറാഴ്ച സമാപിക്കും. മൂന്നുവിമാനങ്ങള്‍മാത്രം സർവീസ് നടത്തുന്ന ജാംനഗറില്‍ 150 വിമാനങ്ങളാണ് ഈ ദിവസങ്ങളില്‍ അതിഥികളുമായി എത്തുന്നത്. ഇതില്‍ 90 ശതമാനവും വിദേശത്തുനിന്നാണ്. പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയുടെ 'വെഡ് ഇൻ ഇന്ത്യ' ആഹ്വാനത്തിന്റെ ഭാഗമായാണ് ജാംനഗറില്‍ ചടങ്ങുകള്‍ നടത്തുന്നതെന്ന് അനന്ത് അംബാനി പറഞ്ഞിരുന്നു. റിലയൻസിന്റെ എണ്ണശുദ്ധീകരണശാലയും അംബാനിയുടെ 'വൻതാര' എന്ന വന്യമൃഗ രക്ഷാകേന്ദ്രവും ഇവിടെയാണ്.

Post a Comment

أحدث أقدم
Join Our Whats App Group