റിയാദ്: വിശുദ്ധ മാസമായ റമദാനില്‍ തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കാൻ മക്ക, മദീന ഹറമുകൾ സജ്ജമായതായി ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു. ദശലക്ഷക്കണക്കിന് വിശ്വാസികൾ വന്നണയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവരെ വരവേൽക്കാനാവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തീർഥാടകർക്കും നമസ്കാരത്തിനെത്തുന്നവർക്കും ആശ്വാസത്തോടും സമാധാനത്തോടും ഹറമിൽ കഴിഞ്ഞുകൂടാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് സംയോജിത പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി പൂർണമായ അളവിലും അത്യുത്തമമായും നടപ്പാക്കലാണ് ലക്ഷ്യമിടുന്നത്. ഇരുഹറം കാര്യാലയത്തിെൻറ ലക്ഷ്യങ്ങളിൽ മികവും ഗുണനിലവാരവും കൈവരിക്കാൻ റമദാനിലേക്ക് തയ്യാറാക്കിയ പദ്ധതിക്ക് അനുസൃതമായാണ് പ്രവർത്തിക്കുകയെന്നും സുദൈസ് പറഞ്ഞു.
റമദാൻ ഒരുക്കം വിലയിരുത്തുന്നതിനായി ഇരുഹറം കാര്യാലയത്തിൻറെ ഉപമേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും നടപ്പാക്കാൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. എല്ലാ വകുപ്പുകളും തങ്ങളുടെ ഫീൽഡ് പ്രയത്‌നങ്ങൾ ശക്തമാക്കേണ്ടതിെൻറ ആവശ്യകത അൽസുദൈസ് ഉപമേധാവികളോട് ഊന്നിപ്പറഞ്ഞു. റംസാൻ പദ്ധതികൾ വിജയിക്കാൻ സുരക്ഷാ വിഭാഗം, മറ്റ് പങ്കാളികൾ എന്നിവരുമായി യോജിച്ച് പ്രവർത്തിക്കണമെന്നും അൽസുദൈസ് പറഞ്ഞു.
إرسال تعليق