ഇരിട്ടി: ബി.എസ്.എൻ.എല്ലിന്റെ പൂട്ടിയിട്ട എക്‌സ്‌ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ വൻ മോഷണം. വിലപിടിപ്പുള്ള ഉപകരണങ്ങളടക്കം മോഷണം പോയി.
ഇരിട്ടി, ആലക്കോട് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്നത്. ഇരിട്ടി എക്‌സ്‌ചേഞ്ചിന് കിഴിലെ കിളിയന്തറ, ഉളിയില്‍ എക്‌സ്‌ചേഞ്ച്, ആലക്കോട് തേർത്തല്ലി എക്‌സ്ചേഞ്ച് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവുകാരണം ഇവിടങ്ങളിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പൂട്ടിയിരുന്നു. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളുള്ള ഇത്തരം ഓഫിസുകളില്‍ കാര്യമായ സുരക്ഷസംവിധാനം ഉണ്ടായിരുന്നില്ല. പ്രവർത്തിക്കാത ഓഫിസുകളിലെ ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌സ് ഭാഗങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.
ദേശീയാടിസ്ഥാനത്തില്‍ ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ലേലം ചെയ്യാൻ ഓണ്‍ലൈൻ മുഖാന്തരം അറിയിപ്പ് നല്‍കിയിരുന്നു. ഇത് കണ്ട് ഇതര സംസ്ഥാനത്തു നിന്നുള്ള ഒരു സംഘം ഈ ഓഫിസുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവ കാണാതാവുന്നത്.തേർത്തല്ലി എക്‌സചേഞ്ചില്‍ നിന്നും 127 ലൈൻ കാർഡുകളാണ് ആദ്യം മോശം പോയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ബി.എസ്.എൻ.എല്‍ അധികൃതർ അംഗങ്ങളുടെ വാട്‌സ്‌ആപ്പ് ഗ്രൂപുകളില്‍ സന്ദേശം നല്‍കി. തുടർന്ന് ഇരിട്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പരിധിയിലെ കിളിയന്തറയിലും ഉളിയിലും പരിശോധന നടത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. മോഷണം പോയ ലൈൻകാർഡിന് ഒന്നിന് 3000ത്തോളം രൂപ വിലയുണ്ട്.
പരിശോധനയില്‍ ഉളിയില്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും 64 ലൈൻ കാർഡുകളും കിളിയന്തറയില്‍ നിന്നും 40 ലൈൻ കാർഡുകളും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇരിട്ടി എക്‌സ്‌ചേഞ്ച് ജെ.ടി.ഒ ഷിന്റോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിട്ടി പൊലീസും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. കിളിയന്തറയിലും ഉളിയിലും കെട്ടിടത്തിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കയറിയത്.
ലേല നടപടികളുടെ മുന്നോടിയായി ലേലം ചെയ്യപ്പെടുന്ന വസ്തു പരിശോധിക്കാൻ എത്തിയ സംഘമാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ പരിശോധനക്ക് എത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മറ്റ് വിവരങ്ങളൊന്നും ബി.എസ്.എൻ.എല്‍ അധികൃതർക്കും ലഭ്യമല്ല. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഉപകരണങ്ങള്‍ കാണാനായി എത്തിയവരുടെ സി.സി.ടി.വി ദൃശ്യം കിട്ടുന്നതിനുള്ള പരിശോധനയും പൊലീസ് ആരംഭിച്ചിട്ടുണ്ട്. എസ്.ഐ പ്രകാശൻ ഡോഗ് സ്‌ക്വാഡ് എസ്.ഐ എൻ.സി. ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
إرسال تعليق