ദില്ലി: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഗ്രീഷ്മയടക്കമുള്ള പ്രതികൾ. സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് പുതിയ ഹർജി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നാണ് വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂ എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയ്ക്കായി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് ഹർജി സമർപ്പിച്ചത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരുമാണ് ഹർജിക്കാർ. പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് 2022 ഒക്ടോബർ 14-ന് ഗ്രീഷ്മ കാമുകൻ ഷാരോൺ രാജിനെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ ഇടപെടാൻ ഇല്ലെന്നായിരുന്നു കോടതി അന്ന് വ്യക്തമാക്കിയത്.
കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ 11 മാസങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് അവസാനമാണ് ജാമ്യം ലഭിച്ച് ജയിൽ മോചിതയായത്. പൊലീസ് കസ്റ്റഡിയിൽ കഴിയവെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ്കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഗ്രീഷ്മയും ഷാരോണും പ്രണയബന്ധരായിരുന്നു. പിന്നീട് ഗ്രീഷ്മയ്ക്ക് നല്ല സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹ ആലോചന വന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രം.
ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകി. എന്നാൽ കയ്പാണെന്ന് പറഞ്ഞ് ഷാരോൺ ഇത് തുപ്പി കളഞ്ഞതോടെ ആ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് സെക്സ് ചാറ്റ് നടത്തിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഈ രണ്ടുപേരെയും പോലീസ് പ്രതി ചേർക്കുകയായിരുന്നു.
إرسال تعليق