ദില്ലി: സുപ്രീം കോടതി ബാർ അസോസിയേഷനിൽ നിന്ന് രാജിവെച്ച് മുതിർന്ന മലയാളി അഭിഭാഷകൻ രഞ്ജി തോമസ്. ബാർ അസോസിയേഷൻ അധ്യക്ഷൻ അദീഷ് സി അഗർവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിവെച്ചത്. ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട് താൻ ഉയർത്തിയ കാര്യങ്ങളിൽ നടപടി സ്വീകരിക്കാത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് രഞ്ജി തോമസ് അയച്ച കത്തിൽ വ്യക്തമാക്കുന്നു. അസോസിയേഷൻ പ്രസിഡന്‍റ് ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നതടക്കമുള്ള കാര്യങ്ങളും രാജിക്കത്തിൽ ഉയർത്തികാട്ടുന്നുണ്ട്.
നേരത്തെ തെരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കത്ത് അയച്ചത് വലിയ വിവാദമായിരുന്നു. വിധി നടപ്പിലാക്കുന്നത് രാഷ്ട്രപതി തടയണമെന്നാണ് പ്രസിഡന്‍റ് അദീഷ് സി. അഗര്‍വാലയുടെ കത്തിലെ ആവശ്യം. ഇതിനെതിരെ പ്രമേയം ബാർ അസോസിയേഷൻ പുറത്തിറക്കിയിരുന്നു. സുപ്രീം കോടതി സ്വമേധയ വിധി പുനപരിശോധിക്കണമെന്ന കത്തും അദീഷ് സി അഗർവാൾ നൽകിയിട്ടുണ്ട്.
ഇതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ആണ് മുതിർന്ന അഭിഭാഷകന്‍റെ രാജി. ബാർ അസോസിയേഷൻ അധ്യക്ഷനും കമ്മിറ്റിയുമായി യോജിച്ചു പോകാനാകില്ലെന്നും ജനാധിപത്യവിരുദ്ധമായുള്ള നടപടികളാണ് നടക്കുന്നതെന്നും രഞ്ജി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 35 വർഷമായി സുപ്രീംകോടതിയിൽ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനാണ് രഞ്ജി തോമസ്. അരുണാചൽപ്രദേശിന്‍റെ അഡ്വക്കേറ്റ് ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
إرسال تعليق