ബെംഗളൂരു: കർണാടകയിൽ വീണ്ടും തലപൊക്കി ഹിജാബ് വിവാദം. ഹാസൻ ജില്ലയിലെസ്വകാര്യ കോളേജിലാണ് ഹിജാബ് വിവാദം വീണ്ടും ഉയർന്നത്. ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച വിദ്യാർഥി എത്തിയതിന് പിന്നാലെ, ചില വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് പ്രതിഷേധിച്ചു. മാർച്ച് ആറിന് വിദ്യാ സൗധ കോളേജിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വൈറലായി. എന്നാൽ, വിവാദം തള്ളി പ്രിൻസിപ്പൽ രംഗത്തെത്തി. വിദ്യാർഥിക്ക് ചെവിയിൽ അണുബാധയുണ്ടായിരുന്നെന്നും അതിനാൽ തല മറയ്ക്കേണ്ടി വന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വിദ്യാർഥികളുമായും രക്ഷിതാക്കളുമായും ഒരു മീറ്റിംഗ് നടത്തി. ഇനി ആവർത്തിക്കില്ലെന്ന് അവർ സമ്മതിച്ചുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിഷയം അന്വേഷിക്കുകയാണെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ബ്ലോക്ക് ഓഫീസർ പറഞ്ഞു. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നത് മുൻ ബിജെപി സർക്കാർ നിരോധിച്ചിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതോടെ നിരോധനം നീക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 22 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിൽ ഹിജാബ് നിരോധനം പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും വന്നിട്ടില്ല.
إرسال تعليق