സംസ്ഥാനതല പ്രക്ഷോഭപരിപാടികള്‍ക്ക് നാളെ ഇരിട്ടിയില്‍ തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പത്തിന് വൈകുന്നേരം അഞ്ചുവരെ ഇരിട്ടി ടൗണില്‍ സംസ്ഥാന ഭാരവാഹികളുടെ ഉപവാസ സമരത്തോടെയാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഉപവാസ സമരം തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
രാഷ്‌ട്രീയ കിസാൻ മഹാ സംഘ് സൗത്ത് ഇന്ത്യാ ചെയർമാൻ കെ.ശാന്തകുമാർ മുഖ്യാഥിതിയായിരിക്കും. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ 1978 ല്‍ ഉണ്ടായ കർഷക കുടിയിറക്കിന്‍റെ സംഭവ കഥ പറയുന്ന ഗൂഡല്ലൂർ എന്ന നാടകത്തിന്‍റെ പുനരാവിഷ്കാരത്തിന് നേതൃത്വം നല്‍കിയ സംവിധായകൻ ജോസ് മാത്യു മുതുകുന്നേലിനേയും നടന്മാരേയും അണിയറ പ്രവർത്തകരേയും ആദരിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, എൻഎഫ്‌ആർപിഎസ് ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളില്‍, വിവിധ കർഷക സംഘടനാ ഭാരവാഹികള്‍ എന്നിവർ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ന് ഉപവാസ പന്തലില്‍ ലോക വനിതാദിനത്തോടനുബന്ധിച്ച് വനിതാ സമ്മേളനം നടത്തും. തുല്യ പ്രാതിനിധ്യ പ്രസ്ഥാനം സംസ്ഥാന കണ്‍വീനർ എം. സുല്‍ഫത്ത് ഉദ്ഘാടനം ചെയ്യും. ഒൻപതിന് ഉച്ചകഴിഞ്ഞ് 3.30 ന് ഡല്‍ഹി കർഷക പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് നടക്കുന്ന ഐക്യദാർഢ്യ സമ്മേളനം പ്രമുഖ സാഹിത്യകാരൻ കല്‍പ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. 10 ന് സമാപന സമ്മേളനം കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.
രാഷ്‌ട്രീയ കിസാൻ മഹാസംഘ് നാഷണല്‍ കോ- ഓർഡിനേറ്റർ അഡ്വ.ബിജു വിജയൻ മുഖ്യാഥിതിയായിരിക്കും. ഉപവാസ പന്തലില്‍ മുഴുവൻ സമയവും ജപ്തി നടപടികള്‍ നേരിടുന്നവർക്കുള്ള ഹെല്‍പ്പ് ഡെസ്ക് ഉണ്ടായിരിക്കുമെന്ന് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ്, സ്റ്റേറ്റ് ജനറല്‍ കണ്‍വീനർ ഡോ.ജോസുകുട്ടി ഒഴുകയില്‍ എന്നിവർ അറിയിച്ചു.
إرسال تعليق