Join News @ Iritty Whats App Group

ആയ തസ്തികയില്‍ പി.എസ്.സി പരീക്ഷയില്‍ ഒന്നാമതെത്തിയ പാട്യം സ്വദേശി സൗമ്യ നാണുവിന് നിയമനം ലഭിച്ചത് തുറക്കാത്ത സ്കൂളിൽ



ണ്ണൂർ: ആയ തസ്തികയില്‍ പി.എസ്.സി പരീക്ഷയില്‍ ഒന്നാമതെത്തിയ പാട്യം സ്വദേശി സൗമ്യ നാണുവിന് നിയമനം ലഭിച്ചത് പെരിങ്ങോത്ത് മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളില്‍.
നിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാൻ എത്തിയപ്പോള്‍ അറിയുന്നത് കുട്ടികളെ കിട്ടാത്തതിനാല്‍ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്ന വിവരം. പകരം നിയമനത്തിന് നിയമനാധികാരിയായ കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിലെത്തിയെങ്കിലും അധികൃതർ കൈമലർത്തി.

ജനുവരി നാലിന് നല്‍കിയ നിയമന ഉത്തരവിന്റെ കാലാവധി അടുത്തമാസം നാലിന് അവസാനിക്കും. അതോടെ ആറ്റുനോറ്റിരുന്ന ജോലി നഷ്ടപ്പെടുമെന്ന ആധിയില്‍ കഴിഞ്ഞ മൂന്നുദിവസമായി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തിലാണ് 37കാരിയായ സൗമ്യ. നിയമനടപടിക്കും തയ്യാറെടുക്കുന്നു. ജനുവരിയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാനെത്തിയെങ്കിലും നടന്നില്ല. പകരം നിയമനം കിട്ടുമെന്ന പ്രതീക്ഷയില്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു ഇതുവരെ.

വിവിധ വകുപ്പുകളിലെ ആയ തസ്തികയില്‍ പി.എസ്.സി നടത്തിയ പരീക്ഷയില്‍ രണ്ടും മൂന്നും റാങ്ക് നേടിയവർക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിയമനം ലഭിച്ചപ്പോഴാണ് ഒന്നാംറാങ്കുകാരിയായ സൗമ്യയുടെ ദുരവസ്ഥ. പ്രവർത്തനം തുടങ്ങാത്ത സ്കൂള്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ളതാണ്. ജില്ലയില്‍ വകുപ്പിന് കീഴില്‍ മറ്റു സ്കൂളുകളില്ല. ജില്ലാതലത്തിലുള്ള പി.എസ്.സി പരീക്ഷയായതിനാല്‍ ജില്ലവിട്ട് നിയമിക്കാൻ വകുപ്പില്ലെന്നാണ് അധികൃതർ പറയുന്നത്.

ഒഴിവുണ്ടെന്ന് റിപ്പോർട്ട് ചെയ്തു

ഈ സ്കൂളില്‍ ഒഴിവുണ്ടെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് പി.എസ്.സി പറയുന്നത്. തുറക്കാത്ത സ്കൂളിലേക്ക് നിയമന ഉത്തരവ് നല്‍കിയ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സൗമ്യ. ജില്ലാ കളക്ടർക്കും മന്ത്രി കെ.രാധാകൃഷ്ണനും പരാതി നല്‍കി. സൗമ്യയുടെ ഭർത്താവ് അനന്തകൃഷ്ണൻ എറണാകുളത്ത് ഡ്രൈവറാണ്. പെരിങ്ങോത്ത് സ്‌കൂളിന്റെ കെട്ടിടം ഇപ്പോള്‍ ഏകലവ്യ മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളിനായി പട്ടികവർഗ വികസന വകുപ്പിന് കൈമാറിയിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group