Join News @ Iritty Whats App Group

നിതീഷില്‍ സഹോദരിക്കുണ്ടായ കുഞ്ഞിനെ നരബലി നടത്തി ; മോഷണക്കേസില്‍ വീട് പരിശോധിച്ചപ്പോള്‍ കിട്ടിയത് ഇരട്ട കൊലപാതകത്തിന്റെ തുമ്പ് ; വീടിനകത്ത് ആഭിചാരക്രിയകളും നടന്നു


കട്ടപ്പന: മോഷണക്കേസ് പ്രതിയുടെ വീട് പരിശോധിക്കാനെത്തിയ പോലീസിനു ലഭിച്ചത് ഇരട്ടക്കൊലപാതകത്തിന്റെ തുമ്പ്. കട്ടപ്പനയിലെ വര്‍ക്‌ഷോപ്പില്‍ മോഷണം നടന്നതിനെത്തുടര്‍ന്ന് അറസ്റ്റിലായവരാണ് നരബലിയെന്നു സംശയിക്കുന്ന കൊലപാതകത്തിലേക്കുള്ള സൂചന പോലീസിനു നല്‍കിയത്. സംശയം തോന്നിയ പോലീസ് ശക്തമായി ചോദ്യംചെയ്തതോടെ പ്രതികളായ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയനും പുത്തന്‍പുരയ്ക്കല്‍ രാജേഷ് എന്ന നിതീഷും വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

വിഷ്ണുവിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് അസ്വാഭാവികമായി ചിലത് കണ്ടിരുന്നു. വീടിനുള്ളില്‍ ആഭിചാര ക്രിയകള്‍ നടന്നതിന്റെ ലക്ഷണങ്ങളും പരിസരത്ത് സമാനമായ മറ്റു ചിലതും ഉണ്ടായിരുന്നു. ഇതില്‍ ദുരൂഹത തോന്നിയതോടെ പോലീസ് മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. തുടര്‍ന്നാണ് ജയിലില്‍ കഴിയുന്ന നിതീഷിനെയും ആശുപത്രിയിലുള്ള വിഷ്ണുവിനെയും ചോദ്യം ചെയ്തത്.

വീട്ടില്‍ ദുര്‍മന്ത്രവാദം നടന്നതായി വെളിപ്പെടുത്തിയ വിഷ്ണു പിന്നാലെ ഇരട്ടക്കൊലയുടെ വിവരവും പുറത്തുവിട്ടു. നിതീഷാണ് ദുര്‍മന്ത്രവാദത്തിനു നേതൃത്വം നല്‍കിയതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. നിതീഷില്‍ സഹോദരിക്കുണ്ടായ നവജാതശിശുവിനെ നരബലി നടത്തിയെന്ന ഇയാളുടെ മൊഴി ഞെട്ടിക്കുന്നതായിരുന്നു. പിതാവ് വിജയനെ കൊലപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞെങ്കിലും വിവരങ്ങള്‍ സ്ഥീരീകരിക്കാന്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

മോഷണവും ആഭിചാരത്തിനുവേണ്ടി

നഗരത്തിലെ വര്‍ക്‌ഷോപ്പില്‍ വിഷ്ണു മോഷണം നടത്തുമ്പോള്‍ നിതീഷ് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. വിഷ്ണുവിനെ വര്‍ക്‌ഷോപ്പ് ഉടമയുടെ മകനും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയതോടെ നിതീഷ് ഓടി രക്ഷപ്പെട്ടു. എന്നാല്‍ പോലീസ് ഇയാളെയും പിന്നീട് പിടികൂടി. മോഷണം നടത്തിയത് നിതീഷിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്നും അതും ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായിരുന്നെന്നും വിഷ്ണു പറയുന്നു. അഭിവൃദ്ധി ഉണ്ടാകാന്‍ സ്വന്തമായി മോഷണം നടത്തണമെന്നു വിഷ്ണുവിനെ വിശ്വസിപ്പിക്കുകയായിരുന്നു നിതീഷ്. ഇരുവരും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്.

ചെറിയ മന്ത്രവാദങ്ങളും ആഭിചാരക്രിയകളും ചെയ്തിരുന്ന നിതീഷ് വിഷ്ണുവിനെയും ഇത്തരം ക്രിയകളിലേക്ക് ആകൃഷ്ടനാക്കുകയായിരുന്നു. വിഷ്ണുവിന്റെ വീട്ടില്‍ നിതീഷ് പലതവണ ആഭിചാരക്രിയകള്‍ നടത്തിയിട്ടുണ്ടെന്നാണു വിവരം. വിഷ്ണുവിന്റെ സഹോദരിയുടെ കുഞ്ഞിനെ ഗന്ധര്‍വ പൂജയ്‌ക്കെന്നു പറഞ്ഞാണ് ഇവര്‍ കൊണ്ടുപോയത്. തുടര്‍ന്ന് ബലികൊടുക്കുകയായിരുന്നെന്നാണു സൂചന.

Post a Comment

أحدث أقدم
Join Our Whats App Group