Join News @ Iritty Whats App Group

ആറളം ഫാമിൽ ആനകളെ തുരത്തല്‍ ദൗത്യം ആദ്യഘട്ടം വിജയകരം




 ആറളം ഫാം: ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ പ്രദേശങ്ങള്‍ തമ്ബടിച്ചിരുന്ന അഞ്ച് ആനകളെ ദൗത്യസംഘം വനത്തിലേക്ക് തുരുത്തി.
ഇന്നലെ രാവിലെ ഏഴോടെയാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്ന ദൗത്യം ആരംഭിച്ചത്. വളയൻചാല്‍ ആർടി ഓഫീസിന് സമീപം ഒന്നിച്ചു കൂടിയ ദൗത്യസംഘം ഏഴരയോടെയാണ് 15 പേർ അടങ്ങുന്ന രണ്ടു സംഘങ്ങളായി തിരിഞ്ഞ് ആനകളെ തുരത്തുന്ന നടപടിയില്‍ ഏർപ്പെട്ടത്. 

ആറളം ഫാം എട്ടാം ബ്ലോക്ക് ഹെലിപാഡിന് സമീപത്തുനിന്നാണ് ദൗത്യം ആരംഭിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച്‌ ആനകളുടെ സാന്നിധ്യം പരിശോധിച്ച ശേഷമായിരുന്നു തുടർന്നുള്ള നടപടികള്‍. ആർആർടി അംഗങ്ങള്‍, വനപാലകർ, വാച്ചർമാർ, ഫാം സെക്യൂരിറ്റി ജീവനക്കാർ, പുനരധിവാസ മേഖലയിലെ സന്നദ്ധ പ്രവർത്തകർ അടങ്ങിയവരാണ് തുരത്തല്‍ സംഘത്തിലുള്ളത്. 

ബ്ലോക്ക് 12ലെ വട്ടക്കാട് പ്രദേശത്താണ് കാട്ടാനകളെ സംഘം ആദ്യം കണ്ടെത്തിയത്. ഇവിടെനിന്നും ആനകളെ തുരത്തി 18 ഏക്കർ വഴി താളിപ്പാറ റോഡ് മുറിച്ചുകടന്ന് ആനകള്‍ കോട്ടപ്പാറ കുന്നിലേക്ക് കയറി.

കോട്ടപ്പാറ മേഖലയില്‍ കൂടുതല്‍ ആനകളെ കണ്ടെത്തിയതോടെ ദൗത്യം കൂടുതല്‍ ശ്രമകരമായി. അഞ്ച് ആനകളെ ആദ്യഘട്ടത്തില്‍തന്നെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞതായാണ് അധികൃതർ പറയുന്നത്. രണ്ടാം ഘട്ടം ദൗത്യം ആരംഭിച്ചുവെങ്കിലും മറ്റൊരു ആനക്കൂട്ടം കോട്ടപ്പാറ ഭാഗത്ത് തന്നെ നിലയുറപ്പിച്ചത് ദൗത്യം കൂടുതല്‍ ശ്രമകരമാക്കിയിരിക്കുകയാണ്.

പുനരധിവാസ മേഖലയിലെ ആള്‍പ്പാർപ്പില്ലാത്ത കാടുപിടിച്ച മേഖലയായതുകൊണ്ട് തന്നെ തുരത്തല്‍ കൂടുതല്‍ ശ്രമകരമാണെന്നാണ്‌ വനം വകുപ്പ് അധികൃതർ അറിയിക്കുന്നത്. കോട്ടപ്പാറ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനകള്‍ ബ്ലോക്ക് 13ലെ ഓടക്കാടിലേക്ക് നീങ്ങാൻ ശ്രമിക്കുന്നതായി വനപാലകർ പറയുന്നു.

ആനകള്‍ ഓടക്കാട്ടിലേക്ക് നീങ്ങാതിരിക്കാൻ ദൗത്യസംഘം ഈ മേഖല ഇപ്പോള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

പടക്കം പൊട്ടിച്ചും ട്രാക്ടറുകള്‍ ഉപയോഗിച്ച്‌ ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ തുരത്തുന്നത്. കാടുകടത്തിയ ആനകള്‍ തിരികെ വരാതെ ഈ മേഖലയില്‍ രാത്രിയിലും പട്രോളിംഗ് ഏർപ്പെടുത്തും. പോലീസും ആരോഗ്യ വിഭാഗവും ടിആർഡിഎം, ആറളം ഫാം ഉദ്യോഗസ്‌ഥരും സംയുക്തമായാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ദൗത്യം ഇന്നും തുടരും

ഇന്നലെ വൈകുന്നേരം 5.30 ഓടെ നിർത്തിയ ആനയെ തുരത്തല്‍ ദൗത്യം ഇന്നു വെെകുന്നേരം 4.30 ന് വീണ്ടും പുനരാരംഭിക്കും. എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുന്നതിനാലാണ് ദൗത്യം വെെകുന്നേരത്തേക്ക് മാറ്റിയത്. 

ബ്ലോക്ക് 13 ല്‍ ആനക്കുട്ടം നിലയുറപ്പിച്ച ഓടക്കാട് മേഖലയില്‍ നിന്നുമാണ് ആനയെ കാട്ടിലേക്ക് തുരത്തുക.ആനയെ തുരത്തുന്ന സമയത്തും പുനരധിവാസ മേഖലയില്‍ വനത്തിനടുത്ത് രണ്ടുപേരെ പത്തിരിപ്പൂവ് ശേഖരിക്കുന്ന നിലയില്‍ കോട്ടപ്പാറ ഭാഗത്ത് ദൗത്യസംഘം കണ്ടെത്തിയിരുന്നു.

തുരത്തുന്ന കാട്ടാന കടന്നുപോകാൻ സാധ്യതയുള്ള കോട്ടപ്പാറ ഭാഗത്ത് ആളുകള്‍ വെളിയില്‍ ഇറങ്ങരുതെന്ന നിർദേശം നിലനില്‍ക്കുമ്ബോള്‍ നാട്ടുകാർ പുറത്തിറങ്ങുന്നത്‌അപകടസാധ്യത വർധിപ്പിക്കും. തുരത്തല്‍ സംഘത്തിനൊപ്പം വൈല്‍ഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.പി. നിധിൻ കുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർആർടി ഷൈനി കുമാർ, ഡെപ്യൂട്ടി റേഢ്ച്ഫോറസ്റ്റ് ഓഫീസർ ജിജില്‍, ആറളം പോലീസ് സ്റ്റേഷൻ എസ്‌ഐ സുനില്‍കുമാർ, മെഡിക്കല്‍ ടീം ഡോക്ടർ അശ്വതി എന്നിവർ ആന തുരത്തല്‍ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group