Join News @ Iritty Whats App Group

മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു




മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രണ്ടാം പ്രതി. കെ സുധാകരനെ രണ്ടാം പ്രതിയാക്കി എറണാകുളം എസിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസിൽ മൂന്നാം പ്രതി മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്.

മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോണ്‍സന്‍റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.

വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. മോൻസന്‍റെ വീട്ടിൽ വച്ച് 25 ലക്ഷം രൂപ പരാതിക്കാരിൽ ഒരാൾ കൈമാറുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നും, അതിൽ 10 ലക്ഷം രൂപ സുധാകരന് നൽകിയെന്നും ആയിരുന്നു ഡ്രൈവറുടെ മൊഴി. ഇതും കുറ്റപത്രത്തില്‍ ശരിവയ്ക്കപ്പെട്ടിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു എന്നത് നിര്‍ണായകമാണ്. കെ സുധാകരൻ കണ്ണൂരില്‍ മത്സരത്തിനൊരുങ്ങി നില്‍ക്കുന്നതിനിടെയാണ് കുറ്റപത്രം വന്നിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായിപ്രതികരിച്ചു. പൊലീസ് പ്രതിപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സുധാകരനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group