തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇനി പരാതി നൽകാം. അതിനു വേണ്ടി തയാറാക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് പോൽ.ഈ ആപ്പ് പ്ളേസ്റ്റോറിൽ നിന്നും, ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ സാധിക്കും. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നൽകണം.
തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്ലോഡ് ചെയ്യാവുന്നതാണ്.
അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും. പോൽ ആപ്പ് പ്ളേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
إرسال تعليق