തൃശൂര്‍: ശാസ്താംപൂവത്ത് കഴിഞ്ഞ ശനിയാഴ്ച കാണാതായ ആദിവാസി കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന ദുഖരമായ വാര്‍ത്തയാണ് ഇന്ന് വന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് മനസിലാക്കാനാകുക. രണ്ട് കുട്ടികളും എന്തുകൊണ്ടാണ് കാട്ടിനകത്തേക്ക് പരിധി വിട്ട് പോയത്? എന്താണ് അവര്‍ക്ക് കാട്ടിനകത്ത് സംഭവിച്ചത്? എന്നുതുടങ്ങി പല ചോദ്യങ്ങളും സംഭവത്തില്‍ അവശേഷിക്കുകയാണ്.
പതിനാറ് വയസുള്ള സജിക്കുട്ടൻ, എട്ട് വയസുള്ള അരുണ്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടുകിട്ടിയത്.
ശനിയാഴ്ച വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. കാടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലേക്ക് പോയതാകാം എന്നാണ് വീട്ടുകാരും മറ്റും ധരിച്ചത്. കുട്ടികളെ സമയമായിട്ടും കാണാതായതോടെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.പൊലീസും വനംവകുപ്പും തുടര്‍ന്ന് കാട്ടിനകത്ത് തിരച്ചില്‍ നടത്തി. എങ്കിലും കുട്ടികളെ കുറിച്ചുള്ള സൂചന ലഭിച്ചില്ല.
കാട്ടിനകത്തെത്തി വഴി തെറ്റി കുട്ടികള്‍ ഉള്‍ക്കാട്ടിലെവിടെയോ പെട്ടുപോയി എന്നാണ് എല്ലാവരും മനസിലാക്കിയത്. അതേസമയം അരുണിന്‍റെ മൃതദേഹം കണ്ടുകിട്ടിയിരിക്കുന്നത് കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ്. കോളനിയിലെ താമസക്കാരൻ തന്നെയാണ് മൃതദേഹം കണ്ടതും. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇവര്‍ വിവരമറിയിച്ചു.
കാട്ടിനുള്ളില്‍ പെട്ടുപോയതാണെങ്കില്‍ എങ്ങനെ കോളനിയുടെ ഇത്രയും അടുത്തായി മൃതദേഹം കാണുമെന്ന സംശയം ഉയരുന്നുണ്ട്. അരുണിന്‍റെ മൃതദേഹം കിടന്നിരുന്നിടത്ത് നിന്ന് 200 മീറ്റര്‍ അകലെയായി സജി കുട്ടന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും മൃതദേഹത്തിന്‍റെ പഴക്കത്തിലും വ്യത്യാസമുണ്ട്. ഇതും ദുരൂഹമാവുകയാണ്.
ഒരുമിച്ച് പോയവര്‍, ഒരുമിച്ച് കാണാതായി, എന്നാല്‍ മരണം നടന്നിരിക്കുന്നത് വ്യത്യസ്തമായ സമയത്തോ ദിവസങ്ങളിലോ ആണെന്നത് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്.
കാടിനെ വളരെ അടുത്തറിയാവുന്ന കുട്ടികള്‍ എന്തിന് ഒരുപാട് അകത്തേക്ക് കയറിപ്പോയി എന്ന സംശയവും കോളനിയിലുള്ളവരെ കുഴക്കുന്നു. എന്ത് ലക്ഷ്യത്തിലായിരിക്കും ഇവര്‍ പോയത്, പോയ ശേഷം എന്താണ് ഇവര്‍ക്ക് സംഭവിച്ചത്? എങ്ങനെ മരണം സംഭവിച്ചു? എവിടെ വച്ച് മരിച്ചു?ഇങ്ങനെയുള്ള ചോദ്യങ്ങളെല്ലാം വ്യക്തതയില്ലാതെ ബാക്കി കിടക്കുന്നു.
إرسال تعليق