ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാളെ കോടതിയില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുജാത കെജ്‌രിവാള്‍. അഴിമതിയുടേതെന്ന് പറയുന്ന പണം എവിടെയാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കും. എഎപി നേതാക്കളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു രൂപ പോലും കെണ്ടടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. കെജ്‌രിവാളിന്റെ വീട്ടിലെ ഓഫീസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍.
ഇത് രണ്ടാം തവണയാണ് കെ്ജരിവാളിന്റെ സന്ദേശം അവര്‍ ജനങ്ങളെ അറിയിക്കുന്നത്. കെജ്‌രിവാള്‍ മാധ്യമങ്ങളെ കാണുന്ന ഓഫീസ് മുറിയിലായിരുന്നു സുജാതയുടെ വാര്‍ത്താസമ്മേളനവും. 'എന്റെ ശരീരം അവര്‍ക്ക് ജയിലിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും. എന്നാല്‍ എന്റെ ആത്മാവ് ജനങ്ങള്‍ക്കൊപ്പമാണ്. നിങ്ങള്‍ കണ്ണുകളടച്ച് എന്റെ സാന്നിധ്യം അനുഭവിക്കണം'- അദ്ദേഹം പറഞ്ഞയായി സുജാത അറിയിച്ചു.
കെജ്‌രിവാള്‍ കടുത്ത പ്രമേഹ രോഗിയാണ്. അദ്ദേഹത്തിന്റെ ഷുഗര്‍ ലെവല്‍ കൃതമല്ല. എങ്കിലും രാജ്യതലസ്ഥാനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ശക്തമാണെന്നും സുജാത പറഞ്ഞു.
അതിനിടെ, ഇ.ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുകയാണ്. കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി, ഇ.ഡിയുടെ 'വൈകിപ്പിക്കല്‍ തന്ത്രം' കോടതിയില്‍ ചോദ്യം ചെയ്തു. കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ മറുപടിക്ക് ഇ.ഡി മൂന്നാഴ്ച സമയം ചോദിച്ചതാണ് സിംഗ്‌വിയെ ചൊടിപ്പിച്ചത്.
കെജ്‌രിവാളിന്റെ ഹര്‍ജിയുടെ പകര്‍പ്പ് ഇന്നലെയാണ് ഇ.ഡിക്ക് ലഭിച്ചതെന്നും അതിനാല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്നുമാണ് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു അറിയിച്ചത്. എന്നാല്‍ മാര്‍ച്ച് 23ന് അസ്റ്റിലായ അന്ന് അപേക്ഷ നല്‍കിയതാണ്. അതിലെ പോരായ്മകള്‍ പിന്നീട് പരിഹരിച്ചു. എന്നാല്‍ ആ പകര്‍പ്പ് എസ്.വി രാജു സ്വീകരിക്കാന്‍ വൈകിയതാവാം. പോരായ്മകള്‍ പരിഹരിച്ച് അദ്ദേഹത്തിന് പകര്‍പ്പ് നല്‍കിയിരുന്നതാണെന്നും സിംഗ്‌വി അറിയിച്ചു. 'ഞാനും കെജ്‌രിവാള്‍' എന്നെഴുതിയ ടീ-ഷര്‍ട്ട് ധരിച്ചാണ് പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് തമ്പടിച്ചിരിക്കുന്നത്.
ജസ്റ്റീസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് ഹറജി പരിഗണിക്കുന്നത്. തനിക്കെതിരായ കുറ്റം വ്യക്തമാക്കാന്‍ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും കെജ്‌രിവാള്‍ പറയുന്നു. ചോദ്യം ചെയ്യല്‍ പോലുമില്ലാതെയുള്ള അറസ്റ്റ് കാണിക്കുന്നത് ഇതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. റിമാന്‍ഡ് റദ്ദാക്കണമെന്നും അടിയന്തരമായി ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്.
Ads by Google
إرسال تعليق