മട്ടന്നൂർ: വീട്ടുമുറ്റത്ത് സമൂഹ ഇഫ്താർ സംഗമം ഒരുക്കി മുൻ കോൺഗ്രസ് നേതാവായ ചാവശേരിയിലെ വയനാൻ പുരുഷോത്തമൻ. രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
ഡയാലിസിസ് രോഗിയായ പുരുഷോത്തമന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു സാമൂഹിക രാഷ്ട്രീയ സൗഹൃദങ്ങൾക്കിടയിലെ സർവമതരെയും ഉൾപ്പെടുത്തി ഒരു സമൂഹ നോമ്പ് തുറ സംഘടിപ്പിക്കണമെന്ന്. ഭാര്യയോടും മക്കളോടും ഈ കാര്യം പറഞ്ഞതോടെ പൂർണ പിന്തുണയോടെ കുടുംബങ്ങളും പുരുഷോത്തമന്റെ ആഗ്രഹത്തിന് ഒന്നിച്ചു നിൽക്കുകയായിരുന്നു.
രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും മറ്റും ക്ഷണിച്ച് സംഗമം സംഘടിപ്പിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് തന്നെ ഇഫ്താർ സംഗമത്തിന് വേദിയൊരുക്കുകയായിരുന്നു. നൂറോളം പേർക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങളും ഒരുക്കിയിരുന്നു.
വീട്ടുമുറ്റത്ത് നടത്തിയ സംഗമത്തിൽ വി. പുരുഷോത്തമൻ അനുഭവങ്ങൾ പങ്കുവച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ സണ്ണി ജോസഫ്, മുൻ എംഎൽഎ എ.ഡി. മുസ്തഫ, ഇരിട്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സോയ, ലക്ഷ്മണൻ കുയിലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
إرسال تعليق