പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പൗരത്വ ഭേദഗതി ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജികളാണ് പരിഗണിക്കുക. വിഷയത്തിൽ വ്യക്തികളുടെ അടക്കം അപേക്ഷകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.
കേരളത്തിൽ നിന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡിവൈഎഫ്ഐ, മുസ്ലിം ലീഗ് തുടങ്ങിയവർ നൽകിയ അപേക്ഷകളും ഇന്ന് പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2019ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹർജി നിലനിൽക്കുമ്പോൾ ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ് എന്ന വാദമാണ് ഹർജിക്കാർ ഉന്നയിക്കുക.
അതേസമയം ചട്ടങ്ങൾ പിൻവലിക്കാൻ തയ്യാറല്ല എന്ന നിലപാട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. നിയമനിർമാണത്തിനുള്ള പാർലമെന്റിന്റെ അവകാശം അനുസരിച്ചാണ് നിയമം യാഥാർത്ഥ്യമാക്കിയത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്മേൽ ചട്ടങ്ങൾ ചമയ്ക്കുക എന്ന നടപടിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇത് നിയമവിരുദ്ധമല്ലെന്നും ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ല ഈ നിയമം എന്നും സർക്കാർ ഇന്ന് കോടതിയിൽ വ്യക്തമാക്കും.
إرسال تعليق