Join News @ Iritty Whats App Group

പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവം; സ്റ്റേഷനില്‍ പ്രതിഷേധം


മലപ്പുറം: പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ കുഴ‍ഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധം. സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്. 

പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് മരിച്ചത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതായിരുന്നു. അവിടെ വച്ച് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് പൊലീസ് ഭാഷ്യം.

എന്നാല്‍ സ്റ്റേഷനില്‍ വച്ച് മൊയ്തീൻ കുട്ടിക്ക് പൊലീസ് മര്‍ദ്ദനമേറ്റിട്ടുണ്ട് എന്നാണ് ഇദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ബന്ധുക്കളുടെ ആരോപണം വന്നതോടെ വിഷയം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. സംഭവത്തില്‍ അന്വേഷണമുണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് അവശ്യപ്പെട്ട് പാണ്ടിക്കാട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഇന്ന് രാവിലെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മൊയ്തീൻ കുട്ടി മരിച്ചത്. പന്തല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് മൊയ്തീൻ കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group