Join News @ Iritty Whats App Group

വിധികര്‍ത്താവിന്‍റെ മരണം; പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്ത്, ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു


കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴക്കേസില്‍ ആരോപണ വിധേയനായ വിധി കര്‍ത്താവായ കണ്ണൂര്‍ ചൊവ്വ സ്വദേശി ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്ത്. ഷാജിയുടെ ശരീരത്തില്‍ അടിയേറ്റതിന്‍റെ പാടുകള്‍ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. കീടനാശിനി അകത്ത് ചെന്നാണ് മരണമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്നും പൊലീസ് വ്യക്തമാക്കി. കീടനാശിനി അകത്ത് ചെന്നിട്ട് തന്നയാണോ മരണമെന്നത് സ്ഥിരീകരിക്കാനും മറ്റു കൂടുതല്‍ പരിശോധനകള്‍ക്കായും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. 

കേരള സർവകലാശാല കലോത്സവത്തിലെ വിധി കര്‍ത്താവായ ഷാജിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആത്മഹത്യ ചെയ്ത പി എൻ ഷാജിക്ക് കലോത്സവ വേദിയിൽ വച്ച് ക്രൂരമായി മർദ്ദനമേറ്റെന്ന് അമ്മയും സഹോദരനും പറ‍ഞ്ഞു. അതേസമയം, കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിലും വിധികർത്താവിന്റെ മരണത്തിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സർവകലാശാല ഡിജിപിക്ക് കത്ത് നൽകി. സർവകലാശാല യൂണിയനും അസാധുവാക്കാനും തീരുമാനിച്ചു. സർവകലാശാല കലോസവത്തിലെ കോഴ വിവാദം സജീവ ചർച്ചയാകുന്നതിനിടയിലാണ് അപ്രതീക്ഷതമായുള്ള പി എൻ ഷാജിയുടെ മരണം. നിരപരാധി ആണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ആത്മഹത്യക്കുറിപ്പ് എഴുതിവച്ചാണ് ഷാജി കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയത്. കലോത്സവത്തിലെ വിവാദങ്ങൾക്കും പൊലീസ് കസ്റ്റഡിക്കും പിന്നാലെ ഷാജി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നാണ് കുടുംബം പറയുന്നത്.


വിവാദമായ മാർഗം കളി മത്സരത്തിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ എസ്എഫ്ഐ ജില്ലാ പ്രസിഡന്റും പ്രോഗ്രം കമ്മിറ്റി കൺവീനറുമായ എൻ കെ നന്ദന്റെ പരാതിയിൽ പൊലീസ് പി എൻ ഷാജിയേയും ന‍ൃത്തപരിശീലകരായ ജോമറ്റ് മൈക്കിൾ, സൂരജ് നായർ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഘാടക സമിതി ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് ജോമറ്റും സൂരജും അന്ന് തന്നെ പറഞ്ഞിരുന്നു. ഈ വാദങ്ങൾ ഷാജിയുടെ മരണത്തോടെ കൂടുതൽ ബലപ്പെടുകയാണ്. മാർഗം കളിയിൽ ഒന്നാം സ്ഥാനം കിട്ടിയത് മാർ ഇവാനിയോസ് കോളേജിനാണ്. ഈ ഫലത്തിൽ കോഴ ഇടാപാട് നടന്നതിന് തെളിവുകൾ കിട്ടിയെന്നായിരുന്നു സംഘാടക സമിതിയുടെ അവകാശവാദം. എന്നാൽ കേസിൽ പ്രതിയായ ജോമറ്റ് മൈക്കിൾ പരിശീലിപ്പിച്ചത് മൂന്നാം സ്ഥാനം കിട്ടിയ യുണിവേഴ്സിറ്റി കോളേജിനാണ്.

അപ്പോൾ എങ്ങനെ കോഴ പരാതി നിലനിൽക്കും എന്ന ചോദ്യത്തിന് സംഘാടകസമിതിയും പൊലീസും മറുപടി പറയുന്നില്ല. മരിച്ച ഷാജിക്കൊപ്പം കോഴ കേസിൽ പ്രതിചേർക്കപ്പെട്ടവർ നൽകിയ മുൻകൂർജാമ്യ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജി നാളെ വീണ്ടും പരിഗണിക്കും. തുടക്കം മുതൽ കലോത്സവത്തിനിടെയുണ്ടായ എല്ലാ പരാതികളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് സർവകലാശാല പൊലിസീനെ സമീപിച്ചത്. മർദ്ദന പരാതി അടക്കം ഉയർന്നതോടെ സംഘാടകരായ എസ്എഫ്ഐ നേതൃത്വം പ്രതിക്കൂട്ടിലാണ്. കഴിഞ്ഞ മാസം കാലാവധി അവസാനിച്ച സർവകലാശാല യൂണിയനാണ് റദ്ദാക്കുന്നത്. കാലാവധി പുതുക്കണമെന്ന ആവശ്യം വൈസ് ചാൻസലർ തള്ളി.

Post a Comment

أحدث أقدم
Join Our Whats App Group