കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക. വടകരയിൽ ഷാഫി പറമ്പിലും ആലപ്പുഴയിൽ കെ സി വേണുഗോപാലും സ്ഥാനാർത്ഥികളാകും. കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും.
പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. തിരുവനന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബഹനാൻ, പാലക്കാട് വികെ ശ്രീകണ്ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവൻ, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിംഗ് എംപിമാർ വീണ്ടും മത്സരിക്കും.
പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിൽ ചിന്തയാണ് സർപ്രൈസ് സ്ഥാനാർത്ഥത്തിന് കാരണം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിർദ്ദേശിച്ചത്. അതേസമയം തൃശൂർ സിറ്റിംഗ് എംപി ടിഎൻ പ്രതാപന് വരുന്ന നിയമസഭാ സീറ്റ് നൽകും. തൃശൂരിൽ പ്രതാപൻ വേണ്ടിയുള്ള ചുവരെഴുത്തുകളും പോസ്റ്ററുകളും തയാറാക്കി കഴിഞ്ഞിരുന്നു. 150 ഇടങ്ങളിലാണ് പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ നടത്തിയത്. അടിച്ചത് മൂന്നര ലക്ഷം പോസ്റ്ററുകളുമാണ്. ബൂത്തുകളിൽ തുകയും വിതരണം ചെയ്തിരുന്നു.
إرسال تعليق