Join News @ Iritty Whats App Group

ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ബജറ്റ് ലഞ്ച് 60 രൂപ, പ്രീമിയം ലഞ്ച് 99 രൂപ; കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' ഇന്ന് മുതൽ



 ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് തിരുവനന്തപുരം തമ്പാനൂര്‍ കെടിഡിസി ഗ്രാന്‍ഡ് ചൈത്രത്തില്‍ 5ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്‍, പബ്ളിക് ഓഫീസ് പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഉച്ചയൂണ് വിതരണം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് 'പോക്കറ്റ്മാര്‍ട്ട്' വഴി ഓര്‍ഡര്‍ നല്‍കാം. ചോറ്, സാമ്പാര്‍, അച്ചാര്‍, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓര്‍ഡര്‍ ചെയ്യാം. രാവിലെ പത്തുമണിക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുന്ന പാഴ്സല്‍ ഉച്ചയ്ക്ക് 12നു മുമ്പ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും. 

ഉപഭോക്താവിന്റെ ഓഫീസ് പ്രവര്‍ത്തന ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക. ചക്കരക്കൽ വാർത്ത. രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടു പോകാന്‍ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങള്‍ മൂന്നുഘട്ടമായി ഹൈജീന്‍ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക. 

സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആള്‍ക്ക് ഒരേ ലഞ്ച് ബോക്സ് തന്നെ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രവര്‍ത്തന സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഊണിനൊപ്പം ചിക്കന്‍, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

ഉച്ചഭക്ഷണം തയ്യാറാക്കുന്ന യൂണിറ്റ് അംഗങ്ങള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുമുള്ള വിദഗ്ധ പരിശീലനം പൂര്‍ത്തിയായി. സെന്‍ട്രല്‍ കിച്ചണിന്റെ പ്രവര്‍ത്തനവും ഭക്ഷണ വിതരണവും സംബന്ധിച്ച കാര്യങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മോണിട്ടറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അതിനു ശേഷം എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കും.

Post a Comment

أحدث أقدم
Join Our Whats App Group