ശക്തമായ എല്‍നിനോ പ്രതിഭാസത്തിലൂടെ കടന്ന് പോകുകയാണ് ദക്ഷിണേന്ത്യ. ഇതിന്‍റെ ഏറ്റവും മോശമായ അവസ്ഥ സംജാതമായത് ബെംഗളൂരു നഗരത്തിലാണ്. നഗരത്തിലെ ഏതാണ്ട് 3,000 ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരു നഗരത്തിലെ സ്കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും ജലക്ഷാമത്തെ തുടര്‍ന്ന പൂട്ടിത്തുടങ്ങി. നഗരത്തിലും നഗരപ്രാന്തത്തിലുമുള്ള ഹോസ്റ്റല്‍ സൌകര്യത്തോട് കൂടിയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശക്തമായ ജലദൌലഭ്യത്താല്‍ പൂട്ടിത്തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെള്ളമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടുമ്പോള്‍ ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനുകളിലേക്ക് മാറുകയാണ്. ബെംഗളൂരു അർബൻ ജില്ലയിലെ എല്ലാ താലൂക്കുകളും വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു. നഗരത്തിലെ പല സ്കൂളുകളുടെ ഗേറ്റുകളും അടഞ്ഞ നിലയിലാണ്. ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ ടാങ്കര്‍ ലോറി വഴിയുള്ള ജലവിതരണം വലിയ പ്രതിസന്ധിയിലേക്ക് കടന്നു. പലയിടത്തും ടാങ്കര്‍ ജലം പോലും കിട്ടാത്ത അവസ്ഥയാണ്. മറ്റിടങ്ങളില്‍ ഇരട്ടിയിലേറെ വില കുടിവെള്ളത്തിന് ഈടാക്കുന്നുവെന്ന പരാതിയും ഉയരുന്നു. ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ സര്‍ക്കാര്‍ ഹെല്പ് ലൈന്‍ ആരംഭിച്ചു. പിന്നാലെ പരാതി പ്രവാഹമായിരുന്നു.
إرسال تعليق