ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഇടത് സഖ്യം. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ സഖ്യമാണ് ജെഎന്‍യുവിനെ ചുവപ്പിച്ചിരിക്കുന്നത്. ഐസ സ്ഥാനാര്‍ത്ഥിയും ദളിത് നേതാവുമായ ധനഞ്ജയ് കുമാര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1996ന് ശേഷം ആദ്യമായാണ് ദളിത് വിഭാഗത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റാകുന്നത്. ഐസ സ്ഥാനാര്‍ത്ഥിയായ ധനഞ്ജയ് ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നാല് സെന്‍ട്രല്‍ സീറ്റുകളും ഇടത് സഖ്യം പിടിച്ചെടുത്തു.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യത്തിന്റെ പിന്തുണയോടെ ബാപ്‌സ സ്ഥാനാര്‍ത്ഥി വിജയിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗോപിക ബാബു ഇരിങ്ങാലക്കുട സ്വദേശിനിയാണ്. എസ്എഫ്‌ഐയുടെ സ്ഥാനാര്‍ത്ഥി അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
എഐഎസ്എഫ് സ്ഥാനാര്‍ത്ഥി എം സാജിദ് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 42 കൗണ്‍സിലര്‍മാര്‍ വിജയിച്ചതില്‍ 12 പേര്‍ എബിവിപിയില്‍ നിന്നും 30 പേര്‍ ഇടത് സഖ്യം ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകളില്‍ നിന്നുമാണ്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
إرسال تعليق