Join News @ Iritty Whats App Group

'രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, 22ന് പ്രാർഥനാ ദിനം'; ലത്തീൻ പള്ളികളിൽ സർക്കുലർ


തിരുവനന്തപുരം: രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിച്ചു. മാർച്ച് 22ന് ഉപവാസപ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം. ഇതറിയിച്ചുകൊണ്ടാണ് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചത്. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വ‌ർധിക്കുന്നുവെന്നുമാണ് ലത്തീൻ അതിരൂപതയുടെ സർക്കുലർ.

രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് അതിരൂപത തയ്യാറാക്കിയ സർക്കുലറിലാണ് വിമർശനം. ഈ മാസം 22ന് അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തണമെന്നും സർക്കുലർ ആഹ്വാനം ചെയ്യുന്നുണ്ട്. മാർച്ച് 22ന് ഉപവാസ പ്രാർത്ഥന ദിനം ആചരിക്കണമെന്ന് ഇന്ത്യൻ കത്തോലിക്ക സഭ ആഹ്വാനം ചെയ്തിരുന്നു.

മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തു. മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും എതിരെ അക്രമങ്ങൾ പതിവ് സംഭവമായി മാറിയെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അതേസമയം, രാജ്യത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന തൊട്ടടുത്ത ദിവസം തന്നെയാണ് സര്‍ക്കുലര്‍ വായിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം.

ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പ്രചാരണത്തിലെ ആവേശവും കൂടിയിട്ടുണ്ട്. 20 സീറ്റും പിടിക്കുമെന്നാണ് യുഡിഎഫ് പ്രഖ്യാപനം. ഭരണാനുകൂല വികാരത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. മോദി ഗ്യാരണ്ടിയുടെ കരുത്ത് തെളിയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപി വിരുദ്ധ വോട്ടും രാഹുൽ ഗാന്ധി ഫാക്ടറും വഴി യുഡിഎഫ് പ്രതീക്ഷിക്കുന്നത് ക്ലീൻ സ്വീപ്പാണ്.

കഴിഞ്ഞ തവണ പോയ ആലപ്പുഴ കൂടിപിടിക്കുമെന്നാണ് പ്രഖ്യാപനം. സിഎഎ കച്ചിത്തുരുമ്പാക്കി ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ടാണ് ഇടത് പ്രചാരണം മുഴുവനും. രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് മോദി വിരുദ്ധ വോട്ട് പോക്കറ്റിലാക്കാനാണ് സിപിഎം ശ്രമം. കഴിഞ്ഞ തവണത്തെ നാണക്കേട് മാറ്റി വൻ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എൽഡിഎഫ്. വെറും അക്കൗണ്ട് തുറക്കലല്ല, മോദി പ്രഖ്യാപിച്ച ഇരട്ട സീറ്റാണ് ബിജെപി ലക്ഷ്യം. കേരളത്തിലും മുൻനിർത്തുന്നത് മോദിയുടെ ഗ്യാരണ്ടി, ഉറച്ച ഭരണം എന്നീ മുദ്രാവാക്യങ്ങളാണ്.

Post a Comment

أحدث أقدم
Join Our Whats App Group