പത്തനംതിട്ട: കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയെ നീണ്ട 20 മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ കിണറ്റില്‍ കണ്ടെത്തി. എലിസബത്ത് സാബു എന്ന വീട്ടമ്മയാണ് കാട്ടുപന്നിയെ കണ്ട് ഓടുന്നതിനിടയില്‍ കിണറ്റില്‍ വീണത്. പത്തനംതിട്ട അടൂര്‍ വയല പരുത്തിപ്പാറയിലാണ് സംഭവം. എലിസബത്തിനെ ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആണ് എലിസബത്തിനെ കാണാതായത്. അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2.45 ന് അടുത്ത പുരയിടത്തിലെ കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ടതോടെയാണ് കിണറ്റില്‍ വീണ വിവരം പുറത്തറിയുന്നത്.
പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടി കിണറിന് മുകളിലേക്ക് കയറിയതാണ് എലിസബത്ത്. കിണറിന് മുകളില്‍ നിരത്തിയിരുന്ന പലകകള്‍ ഒടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതറിയാതെ വീട്ടുകാരും നാട്ടുകാരും ഇന്നലെ മുതല്‍ എലിസബത്തിനായി തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് കിണറ്റില്‍ നിന്നും എലിസബത്തിനെ കണ്ടെത്തിയത്. ആഴമുള്ള കിണറ്റില്‍ നിന്നും ഇവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായത്തിനെ തുടര്‍ന്നാണ് അടൂര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്. 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് എലിസബത്ത് വീണത്. കിണറ്റില്‍ അഞ്ച് അടിയോളം വെള്ളമുണ്ട്.
സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അടൂര്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അജികുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അഭിലാഷ് എന്നിവര്‍ കിണറ്റിലിറങ്ങി നെറ്റിന്റെയും കയറിന്റെയും സഹായത്തോടെ എലിസബത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു ദിവസത്തോളം കിണറ്റിലെ വെള്ളത്തില്‍ കിടന്ന് അവശ നിലയിലായിരുന്നു എലിസബത്ത്. എലിസബത്തിനെ അജികുമാറും അഭിലാഷും ചേര്‍ന്ന് പരിക്കുകള്‍ ഗുരുതരമാകാത്ത വിധം നെറ്റിനുള്ളില്‍ ആക്കി സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ എലിസബത്തിനെ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.
إرسال تعليق