Join News @ Iritty Whats App Group

സിറ്റിംഗ് എംപിമാരെ വേദിയിലിരുത്തി തീരുമാനമെടുത്ത് കോൺഗ്രസ്, ഇനി രണ്ടിടത്ത് മാത്രം ആലോചന, തീരുമാനിക്കാൻ ഉപസമിതി


തൃശൂർ: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമാകാൻ സംസ്ഥാന കോൺഗ്രസിന്‍റെ തീരുമാനം. തൃശൂരിൽ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിലടക്കം പൊതു അഭിപ്രായമുയർന്നതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെക്കിറങ്ങാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഇക്കുറി മത്സരിക്കാനില്ലെന്ന ചില എം പിമാരുടെ അഭിപ്രായമടക്കം തെരഞ്ഞെടുപ്പ് സമിതി യോഗം തള്ളിക്കളഞ്ഞു. സിറ്റിങ് എം പിമാർ മത്സരത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നാണ് യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം. സിറ്റിങ് എംപിമാർ മത്സരത്തിന് ഇറങ്ങേണ്ടിവരുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസ് മത്സരിക്കുന്നതിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് ഇനി ധാരണയുണ്ടാക്കേണ്ടത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പിയായിട്ടുള്ള കണ്ണൂർ മണ്ഡലത്തിലും സി പി എം വിജയിച്ച ആലപ്പുഴയിലും ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എം പിമാർ തന്നെയാകും കളത്തിലെത്തുകയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കെ പി സി സി അധ്യക്ഷനായതിനാൽ തന്നെ സംഘടനാ ചുമതല നോക്കേണ്ടതുള്ളതിനാൽ സുധാകരൻ ഇക്കുറി ലോക്സഭ പോരാട്ടത്തിനുണ്ടാകില്ല. ഇക്കുറി മത്സരിക്കാനില്ലെന്ന സുധാകരന്‍റെ ആവശ്യത്തിന് മാത്രമാണ് നിലവിൽ കോൺഗ്രസിൽ പച്ചകൊടി കിട്ടിയിട്ടുള്ളത്. മത്സരിക്കാൻ താത്പര്യമില്ലെന്ന കൊടിക്കുന്നിൽ സുരേഷിന്‍റെയടക്കം വാദം സമിതി തള്ളി. സംഘടനാ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോകാനായി ഇക്കുറി മാറിനിൽക്കാൻ അനുവദിക്കണമെന്നായിരുന്നു കൊടിക്കുന്നിൽ ആവശ്യപ്പെട്ടത്.

കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാർഥിനിർണയത്തിന് ഉപ സമിതിയെ നിയോഗിക്കാൻ തൃശൂരിൽ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കെ പി സി സി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, യു ഡി എഫ് കൺവീനർ എന്നവരാണ് ഉപ സമിതിയിലുള്ളത്. കെ സുധാകരൻ, വി ഡി സതീശൻ , എം എം ഹസ്സൻ എന്നിവരടങ്ങിയ ഈ സമിതി സിറ്റിംഗ് എം പിമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനമെടുക്കുക.

Post a Comment

أحدث أقدم
Join Our Whats App Group