Join News @ Iritty Whats App Group

കേന്ദ്രത്തിന്റെ വിരട്ട് അനുവദിച്ചു കൊടുക്കത്തില്ല ; കേസ് പിന്‍വലിച്ചാല്‍ തരാമെന്ന് പറഞ്ഞത് കേസില്ലെങ്കില്‍ തന്നെ കിട്ടേണ്ട പണം ; നയം വ്യക്തമാക്കി സംസ്ഥാനസര്‍ക്കാര്‍


തിരുവനന്തപുരം: സുപ്രീം കോടതിയില്‍ കേരളത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരംതാണെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ കേസ് പിന്‍വലിച്ചാല്‍ അനുവദിക്കാമെന്നു പറഞ്ഞ 13,000 കോടിയിലേറെ രൂപ സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. കേസില്ലെങ്കിലും ലഭിക്കേണ്ട പണം തരണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതു ബ്ലാക്ക്‌മെയിലിങ്ങാണ്. ആ പണത്തിനു വേണ്ടിയല്ല സുപ്രീം കോടതിയെ സമീപിച്ചതെന്നും മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ ധന കമ്മിഷന്‍ വിഹിതം, ബജറ്റിനു പുറത്തുള്ള വായ്പ എന്നിവ സംബന്ധിച്ചാണ്. അതിനു മറുപടി പറയാന്‍ കേന്ദ്രത്തിനു ബുദ്ധിമുട്ടുണ്ടാകും. അതാണു കേസ് പിന്‍വലിക്കണമെന്ന കടുംപിടിത്തത്തിനു കാരണം. ഭരണഘടനാപരമായ അവകാശത്തിനാണു കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരമുള്ള ചര്‍ച്ചയിലും കേന്ദ്രനിലപാട് ഇതായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത, സിനിമാ കഥകളിലേതുപോലെയാണിത്.

ഭരണഘടനാപരമായി സംസ്ഥാനത്തിനു ലഭിക്കേണ്ട അവകാശങ്ങള്‍ സംബന്ധിച്ച് അടിയന്തര ഇടക്കാല ഉത്തരവാണ് ആവശ്യപ്പെട്ടത്. ലഭിക്കേണ്ട പണം യഥാസമയം ലഭിക്കണം. കേരളത്തിന് 13,000 കോടിയിലേറെ രൂപ തരാനുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. അതു തരാന്‍ പരാതി പിന്‍വലിക്കണമെന്ന വിചിത്രമായ ആവശ്യം മുന്നോട്ടുവയ്ക്കുന്നു. ഒരു പരാതിയും കൊടുത്തില്ലെങ്കിലും കിട്ടേണ്ടതാണത്. അതും ഇപ്പോഴത്തെ കേസുമായി ബന്ധപ്പെടുത്തേണ്ടതില്ല. കേരളത്തിന്റെ കേസ് അടിസ്ഥാനമുള്ളതാണെന്നു കേന്ദ്രനിലപാട് വ്യക്തമാക്കുന്നു.

സംസ്ഥാനസര്‍ക്കാരിന്റെ കടത്തിന്റെ ഇരട്ടിയാണു കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നത്. കേരളത്തിന്റെ കാര്യത്തില്‍ മാത്രമാണു കേസ് പിന്‍വലിച്ചാലേ പണം തരൂവെന്ന നിലപാട്. ശ്വാസം മുട്ടിച്ച് കരാറുകള്‍ ഒപ്പിടുവിക്കുന്ന രീതിയാണിത്. ഒരു സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍ പരിഹാരമാവശ്യപ്പെട്ടാല്‍ പണം തരില്ലെന്നു പറയുന്നതു ശരിയല്ല. കോടതി ഇക്കാര്യം പരിശോധിക്കുമെന്നാണു കരുതുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണു കൂടുതല്‍ പണം ആവശ്യമുള്ളതെന്നു കണക്കാക്കിയാണു കേന്ദ്രസമ്മര്‍ദം.സംസ്ഥാനസര്‍ക്കാര്‍ ഏതുസമയത്തും ചര്‍ച്ചയ്ക്കു തയാറാണ്. എന്നാല്‍, കേന്ദ്രനിലപാട് അതല്ല. കേസ് പിന്‍വലിച്ചാലേ ചര്‍ച്ചയുള്ളൂവെന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ച? ചര്‍ച്ചയ്ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നതുകൊണ്ടാണ് നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ടും ധനകാര്യ ബില്ലും പാസാക്കുന്നതിനിടെ ഡല്‍ഹിക്കു പോയത്. കേന്ദ്രവുമായി തര്‍ക്കം ആഗ്രഹിക്കുന്നില്ല.

എല്ലാ സംസ്ഥാനങ്ങള്‍ക്കും പരാതിയുണ്ട്. അത് പരിഗണിക്കാതെ, സഹകരണ ഫെഡറലിസം ഇല്ലാതാക്കാനും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനുമാണു ശ്രമം.മനഃപൂര്‍വം പ്രതിസന്ധി സൃഷ്ടിക്കുന്നവരാണോ ന്യായമായത് ആവശ്യപ്പെടുന്നവരാണോ തിരുത്തേണ്ടത്? ഇത് കേരളത്തിലെ ജനങ്ങളുടെ അഭിമാനപ്രശ്‌നവുമാണ്. നിലവില്‍ സാമ്പത്തികപ്രതിസന്ധിയുടെ പ്രശ്‌നമില്ല. എന്നാല്‍, അര്‍ഹമായതു കിട്ടിയില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകും. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊടുക്കുന്നതു കേരളത്തിനു തരുന്നില്ലെന്നും മന്ത്രി ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group