ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന അവകാശവാദവുമായി ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍, ബി.ജെ.പിക്ക് മുന്നില്‍ താന്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രോഹിണിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''അവര്‍ക്ക് എന്തു ഗൂഢാലോചന വേണമെങ്കിലും നടത്താം. ഞാനും ഉറച്ചുതന്നെ നില്‍ക്കുന്നു. ഞാന്‍ മുട്ടുമടക്കാനൊന്നും പോകുന്നില്ല. അവര്‍ എന്നോട് ബിജെപിയില്‍ ചേരാനാണ് ആവശ്യപ്പെടുന്നത്. അതിനുശേഷം അവര്‍ എന്നെ തനിച്ചാക്കും. പക്ഷേ ഞാന്‍ പറയുന്നു, ഞാനൊരിക്കലും ബിജെപിയിലേക്ക് പോകില്ല. ഒരിക്കലും ബിജെപിയില്‍ ചേരില്ല. ഒരിക്കലും.''
''ഇന്ന് എല്ലാ ദേശീയ അന്വേഷണ ഏജന്‍സികളും ഞങ്ങളുടെ പിന്നാലെയാണ്. മികച്ച സ്‌കൂളുകള്‍ നിര്‍മിച്ചു എന്നുള്ളതാണ് മനീഷ് സിസോദിയ ചെയ്ത കുറ്റം. മികച്ച ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിര്‍മിച്ചതാണ് സത്യേന്ദര്‍ ജെയിനെതിരേ ആരോപിക്കുന്ന കുറ്റം. സ്‌കൂള്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിച്ചിരുന്നില്ലെങ്കില്‍ സിസോദിയ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ല. എല്ലാത്തരത്തിലും ഗൂഢാലോചന നടത്തിയിട്ടും അവര്‍ക്കു ഞങ്ങളെ തകര്‍ക്കാനാകുന്നില്ല.''-കെജ്‌രിവാള്‍ പറഞ്ഞു.
എ.എ.പി. എം.എല്‍.എമാരെ ബി.ജെ.പി. വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെജ്‌രിവാള്‍ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഏഴ് എം.എല്‍.എമാരെ ബി.ജെ.പി. റാഞ്ചാന്‍ ശ്രമിച്ചെന്നായിരുന്നു എ.എ.പിയുടെ വാദം. ഇതിനു മറുപടിയുമായി ബി.ജെ.പി. രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു. സംഭവത്തില്‍ ഫെബ്രുവരി അഞ്ചിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഇതിനിടെ കെജ്‌രിവാളിനും മന്ത്രി അതിഷിക്കും നോട്ടീസും അയച്ചു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കെജ്‌രിവാളിന്റെ പ്രസംഗം.
25 കോടി രൂപ വാഗ്ദാനം ചെയ്ത് ഏഴ് എ.എ.പി എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ബി.ജെ.പി. ശ്രമിച്ചതായി ജനുവരി 27 നാണ് കെജ്‌രിവാളും അതിഷിയും ആരോപണമുന്നയിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റും എം.എല്‍.എമാര്‍ക്കു വാഗ്ദാനം ചെയ്തതായി അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ബി.ജെ.പി. ഈ ആരോപണങ്ങളെ നിഷേധിച്ചു. അവകാശവാദങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ കെജ്‌രിവാളിനെ അവര്‍ വെല്ലുവിളിക്കുകയും ചെയ്തു. ബി.ജെ.പി. സമീപിച്ച എം.എല്‍.എമാരുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ മുതിര്‍ന്ന എ.എ.പി. നേതാക്കളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ജെ.പിയില്‍ ചേരാന്‍ എം.എല്‍.എമാര്‍ക്ക് 25 കോടി വീതം വാഗ്ദാനം ചെയ്തതായി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ആം ആദ്മി നേതാക്കള്‍ ആരോപണമുന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിലാണ് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തുന്നത്.
إرسال تعليق