Join News @ Iritty Whats App Group

ഗ്യാൻവാപിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം; കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി ആരതി നടത്തി


ദില്ലി: ഗ്യാൻവാപിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് പൂജയ്ക്ക് അനുവാദം നൽകിയിരുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് കോടതി അനുമതി നൽകിയതോടെ വാരാണസിയിൽ സുരക്ഷ കൂട്ടി. ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും കൂടുതൽ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വാരാണസി ജില്ലാകോടതിയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകിയത്. 

ഹിന്ദു വിഭാ​ഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ഒരുക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് കോടതി നിർദ്ദേശം നൽകിയിരുന്നു. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവിടുത്തെ പത്ത് നിലവറകളിൽ പൂജചെയ്യാനാണ് അനുമതി. ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

പൂജ നടത്തുന്ന പ്രദേശത്ത് ഇരുമ്പ് വേലിക്കെട്ടി തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീംകോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. 1993 വരെ ഇവിടെ പൂജകൾ നടന്നിരുന്നുവെന്നാണ് ഹിന്ദു വിഭാഗം വാദിച്ചത്. ഇവിടുത്തെ പൂജാരിയായിരുന്ന സോംനാഥ് വ്യാസിന്റെ നേതൃത്വത്തിലാണ് പൂജകൾ നടന്നത്. എന്നാൽ മുലായം സിങ്ങ് സർക്കാർ 1993 നവംബറിൽ ഇവിടെ പൂജകൾ വിലക്കിയെന്നാണ് ഹിന്ദുവിഭാഗം വാദിച്ചത്. എന്നാൽ അനുമതിക്കതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മസ്ജിജ് കമ്മറ്റി വ്യക്തമാക്കുന്നത്. മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോർട്ട് അടുത്തിടെ ഹിന്ദു വിഭാഗം പുറത്തുവിട്ടിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group