തിരുവനന്തപുരം: സംസ്ഥാനത്തിനു നല്‍കി വരുന്ന വിദ്യാഭ്യാസ ഫണ്ടിലും കേന്ദ്രം പിടിമുറുക്കും. ദേശീയ വിദ്യാഭ്യാസ നയം കേരളം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിനു നല്‍കി വരുന്ന ഫണ്ടില്‍ കുറവ് വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. ഏറ്റവും ഒടുവില്‍, ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസ് ആക്കണമെന്ന കേന്ദ്ര നിര്‍ദേശമാണ് സംസ്ഥാനം തള്ളിയത്. ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ വേണമെന്നാണു സംസ്ഥാനത്തിന്റെ നിലപാടെന്നു മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
അഞ്ചു വയസില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുമെന്നും മന്ത്രി പറഞ്ഞു. പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് ആക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കത്തയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നല്‍കിയ നിര്‍ദേശം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നടപ്പിലാക്കാത്ത സാഹചര്യത്തിലാണു കത്തയച്ചത്. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്നുള്ളത് ദേശീയ വിദ്യാഭ്യാസനയത്തിലെ(2020) നിര്‍ദേശമാണ്. ഇതു നടപ്പാക്കണമെന്ന് 2021, 2023 വര്‍ഷങ്ങളില്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം നടപ്പാക്കിയില്ല.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണു വിദ്യാഭ്യാസ നയം ഓര്‍മിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അര്‍ച്ചന ശര്‍മ അവസ്തി കഴിഞ്ഞ ദിവസം വീണ്ടും കത്തയച്ചത്. 14 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കുന്നതിനുള്ള പ്രായപരിധി ആറുവയസാക്കി ഉയര്‍ത്തിയിരുന്നു. ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വരും അധ്യയന വര്‍ഷം മുതല്‍ ഇതു നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.
പാഠ പുസ്തകത്തില്‍ അടക്കം വരുത്തേണ്ട മാറ്റങ്ങളും മുന്‍പ് കേരളം തള്ളിയിരുന്നു. രാജ്യത്തു ഒന്നാകെ ഒരേ വിദ്യാഭ്യാസ രീതി കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ദേശിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്നു കേന്ദ്രം പറയുന്നു. എന്നാല്‍ ഇതിനു പിന്നില്‍ സംഘപരിവാര്‍ നീക്കമുണ്ടെന്നു കേരളം ആരോപിച്ചിരുന്നു. കേരളം ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഗ്രാന്‍ഡ് ഉള്‍പ്പെടെയുള്ളവയില്‍ കുറവുണ്ടായേക്കും. സംസ്ഥാനത്തിനുള്ള ഉന്നത വിദ്യാഭ്യാസ ഫണ്ടിലും കുറവുണ്ടായെന്ന് അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു.
إرسال تعليق