Join News @ Iritty Whats App Group

30 വയസിന് മുകളിലുള്ളവരോ? സ്ക്രീനിങ്ങിന് ആശാ വര്‍ക്കര്‍ വീട്ടിലെത്തും, ആരോഗ്യവകുപ്പ് 'ശൈലി 2.0' വരുന്നു

തിരുവനന്തപുരം: 30 വയസിന് മുകളിലുള്ള മുഴുവന്‍ പേരുടേയും വാര്‍ഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഘട്ട സ്‌ക്രീനിംഗില്‍ പങ്കെടുക്കാന്‍ സാധിക്കാതെപോയ എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് രണ്ടാം ഘട്ടത്തില്‍ 100 ശതമാനവും പൂര്‍ത്തിയാക്കുന്നതാണ്. ശൈലി രണ്ടില്‍ കുടുതല്‍ രോഗങ്ങളുടെ സ്‌ക്രീനിംഗ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്യുക മാത്രമല്ല പരിശോധനയും തുടര്‍ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ശൈലി ഒന്നാംഘട്ടത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും കൃത്യസമയത്ത് ശൈലി 2.0 ലോഞ്ച് ചെയ്യാനായി പരിശ്രമിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തിന്റെ (ശൈലി 2.0) ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 23.5 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളില്‍ ലക്ഷ്യം വച്ചവരില്‍ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് പൂര്‍ത്തിയായ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഇതിനായി ശൈലി 2.0 ആപ്പ് വികസിപ്പിച്ചു.

ജനകീയ പങ്കാളിത്തത്തോടെയായിരിക്കും രണ്ടാംഘട്ടം നടപ്പിലാക്കുക. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേള്‍വി കുറവ്, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാര്‍ഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും.

വീടുകളിലെത്തി സ്‌ക്രീനിംഗിലൂടെ രോഗസാധ്യത കണ്ടെത്തിയ വ്യക്തികള്‍ക്ക് പരിശോധനയും രോഗനിര്‍ണവും നടത്തി തുടര്‍ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിലവില്‍ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും രോഗ സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങള്‍ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ നിയന്ത്രിക്കാന്‍ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ പ്രതിരോധിക്കാനും സാധിക്കുന്നു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ഇ ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ അനുകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, മറ്റ് സീനിയര്‍ ഉദ്യോഗസ്ഥര്‍, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലകളിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group