Join News @ Iritty Whats App Group

ആറളം ഫാമിലെ ആന തുരത്തല്‍ 10 ദിവസത്തിന് ശേഷം പുനരാരംഭിക്കും

രിട്ടി: ആറളം ഫാമിലെ കൃഷിയിടത്തില്‍ നിന്ന് കാട്ടാനകളെ തുരത്താനുള്ള നടപടി 10 ദിവസത്തിനുശേഷം പുനരാരംഭിക്കും.
ആറളം ഫാം ഓഫീസില്‍ ചേർന്ന ജനപ്രതിനിധികളുടെയും വനംവകുപ്പ്, ആറളം ഫാം ടിആർഡിഎം, പോലീസ്, രാഷ്‌ട്രീയ പാർട്ടികള്‍ എന്നിവയുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ആനകള്‍ തിരികെ ഫാമിലേക്ക് പ്രവേശിക്കാതിരിക്കാൻ വന്യജീവി സങ്കേതം അതിർത്തിയില്‍ താത്കാലിക വൈദ്യുതി വേലി ഒരുക്കാനും നിർദേശം നല്‍കി. 
കശുവണ്ടി വിളവെടുപ്പിനും കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെയും ഭാഗമായി വൈദ്യുതി തൂക്കുവേലി സ്ഥാപിച്ചിരുന്നു. ഇതോടെ കൃഷിയിടത്തില്‍ തമ്ബടിച്ചിരുന്ന എഴുപതോളം ആനകളെ തുരത്താൻ ആരംഭിച്ച നടപടികള്‍ കഴിഞ്ഞദിവസം പുനരധിവാസ മേഖലയിലുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫീസറും ചേർന്ന് നടത്തിയ ചർച്ചയിലാണ് സംയുക്തയോഗം വിളിക്കാൻ തീരുമാനിച്ചത്. 

ആനകളെ ഫാമില്‍ നിന്ന് മാറ്റേണ്ടത് അടിയന്തര സാഹചര്യമാണെന്നും വളയംചാല്‍ മുതല്‍ പൊട്ടിച്ചപാറ വരെ പത്തര കിലോമീറ്റർ ദൂരത്തില്‍ ആനമതില്‍ നിർമാണം പൂർത്തിയാക്കാനുള്ള ഏഴ് കിലോമീറ്റർ ദൂരം താത്കാലിക വൈദ്യുതി വേലി ഒരുക്കുന്നതിനാണ് 10 ദിവസം സാവകാശം വനം വകുപ്പിന് നല്‍കിയത്. 30 ദിവസം സാവകാശം വേണമെന്ന് വനം വകുപ്പിന്‍റെ ആവശ്യം യോഗം തള്ളി.

വന്യമൃഗങ്ങളെ ഫാമിലെ കൃഷിയിടങ്ങളില്‍ നിന്ന് തുരത്താത്തതില്‍ ജനപ്രതിനിധികളും ജനങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുരത്തുന്ന ആനകള്‍ ഒരു ദിവസം പോലും മേഖലയില്‍ തമ്ബടിക്കാതിരിക്കുവാനുള്ള മുൻകരുതലുകള്‍ വനംവകുപ്പ് സ്വീകരിക്കണം. വനത്തില്‍ കയറിയ ആനകള്‍ തിരിച്ച്‌ പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാൻ പട്രോളിംഗ് ഉള്‍പ്പെടെയുള്ള മുൻകരുതലുകളും വനംവകുപ്പ് സ്വീകരിക്കണം. 

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പഞ്ചായത്ത് അംഗം മിനി ദിനേശൻ, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. പി.കെ. നിതീഷ് കുമാർ, ഫ്ലയിംഗ് സ്വകാഡ് ഡിഎഫ്‌ഒ അജിത്ത് കെ.രാമൻ, ആറളം വൈല്‍ഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത്, അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാർഡൻ പി. പ്രസാദ്, ടിആർഡിഎം സൈറ്റ് മാനേജർ സി. ഷൈജു, കെ.കെ. ജനാർദനൻ,കെ.ടി. ജോസ്,ആന്‍റണി ജേക്കബ് ,സുരേഷ്, കെ. മോഹനൻ, അജയൻ പായം, പി.കെ. കരുണാകരൻ, കോട്ടി കൃഷ്ണൻ, പി.കെ. രാമചന്ദ്രൻ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group