തിരുവനന്തപുരം: നവ കേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവലോകന യോഗങ്ങൾ വിളിച്ചു. നാല് ദിവസങ്ങളിലായി 20 യോഗങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ നവ കേരള സദസ്സിൽ കാസര്‍കോട് മുതൽ തിരുവനന്തപുരം വരെയുള്ള മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങൾ സംബന്ധിച്ച് അവലോകനം ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളും സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന വിവേചനം ജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടാണ് മന്ത്രിമാരും മുഖ്യമന്ത്രിയും സംസ്ഥാനത്തെമ്പാടും പര്യടനം നടത്തിയത്. ജനങ്ങളിൽ നിന്ന് എല്ലാ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കുക, അതിന് പരിഹാരം കാണുക, പ്രമുഖരെ പ്രഭാത വിരുന്നിലേക്ക് ക്ഷണിച്ച് സംസ്ഥാനത്ത് നടപ്പിൽ വരുത്താവുന്ന വികസന-ക്ഷേമ നിര്‍ദ്ദേശങ്ങൾ സ്വീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും നവ കേരള സദസ്സിന് ഉണ്ടായിരുന്നു.
എല്ലാ ജില്ലകളിലും നവ കേരള സദസിന്റെ ഭാഗമായി പ്രഭാത യോഗങ്ങൾ ചേര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിച്ചിരുന്നു. വികസന നിര്‍ദ്ദേശങ്ങൾ തേടുകയും ജനപ്രതിനിധികളുടെയടക്കം പരാതികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ജനങ്ങൾ നവ കേരള സദസ്സിൽ നൽകിയ പരാതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഭൂരിഭാഗം കേസുകളിലും നടപടികൾ വൈകുന്നതായാണ് പരാതി. അതിനിടെയാണ് മുഖ്യമന്ത്രി നവ കേരള സദസ്സിൽ ഉയര്‍ന്ന നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ യോഗം വിളിച്ചിരിക്കുന്നത്.
إرسال تعليق