റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ്‌സോറന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് മുന്നിലെത്തുമെന്നും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ട്. താന്‍ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ ഭാര്യ കല്‍പ്പനാ സോറനെ ഹേമന്ദ് സോറന്‍ സംസ്ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ചേക്കുമെന്ന് സൂചന. രാഷ്ട്രീയമായി ഒരു മുന്‍പരിചയവും ഇല്ലാത്തയാളാണ് കല്‍പ്പന. നിലവില്‍ അവര്‍ ഒരു സ്‌കൂള്‍ നടത്തുകയാണ്. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് സോറനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷണം.
അതേസമയം ഇതെല്ലാം വെറും ഊഹാപോഹമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് സോറന്റെ പാര്‍ട്ടിയായ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം). ബിജെപി എംപി നിഷികാന്ത് ദുബേ നടത്തിയ പ്രസ്താവനയ്ക്ക് ഒരു വിശ്വാസ്യതയുമില്ലെന്നും അവര്‍ പറയുന്നു. അതേസമയം സോറന്‍ ഭരണസാരഥ്യം കൈമാറുക കല്‍പ്പനയ്ക്കായിരിക്കുമെന്നാണ് വിവരം. റാഞ്ചിയില്‍ ജനിക്കുകയും ഒഡീഷയിലെ മയൂര്‍ഭഞ്ജില്‍ വളരുകയും ചെയ്ത കല്‍പ്പനയ്ക്ക് പക്ഷേ ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലെങ്കിലൂം ഉന്നതവിദ്യാഭ്യാസമുള്ള വനിതയാണ്. അവരുടെ പിതാവ് ഒരു ബിസിനസുകാരനും മാതാവ് വീട്ടമ്മയുമാണ്. എഞ്ചിനീയറിംഗില്‍ ബിരുദമുള്ള അവര്‍ എംബിഎയും ചെയ്തിട്ടുണ്ട്. 2006 ഫെബ്രുവരിയിലാണ് കല്‍പ്പനയെ സോറന്‍ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് പകരം വ്യവസായത്തിലൂം സാമൂഹ്യപ്രവര്‍ത്തനത്തിലുമാണ് കല്‍പ്പന ശ്രദ്ധിച്ചിരുന്നത്. ഓര്‍ഗാനിക്ക് ഫാമിംഗില്‍ വലിയ താല്‍പ്പര്യമുള്ള അവര്‍ ഒരു സ്‌കൂളും നടത്തുന്നുണ്ട്. ഏകദേശം അഞ്ചുകോടിയോളം മൂല്യം വരുന്ന മൂന്ന് വാണിജ്യ കെട്ടിടങ്ങളുടെ ഉടമയായ അവര്‍ സംസ്ഥാനത്തെ സ്ത്രീ-ശിശു ശാക്തീകരണത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നു. സമ്പത്തിന്റെയും ആസ്തിയുടെയും കാര്യത്തില്‍, 2019 ല്‍ ഭര്‍ത്താവ് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം കല്‍പ്പന സോറന്‍ ഒരു കോടീശ്വരിയാണ്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 2,55,240 രൂപ നിക്ഷേപമുള്ള ഇവര്‍ക്ക് 70 ലക്ഷം രൂപയുടെ വിവിധ എല്‍ഐസി പോളിസികളും കൈവശമുണ്ട്. ഇതിന് പുറമേ 34 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങളുടെ ഉടമകളാണിവര്‍.
രാഷ്ട്രീയത്തില്‍ നിന്ന് അകന്നാണ് നില്‍ക്കുന്നതെങ്കിലൂം രാഷ്ട്രീയത്തിലും സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിലും ഭര്‍ത്താവിന് പരോക്ഷമായ പിന്തുണയും ഉപദേശങ്ങളും കല്‍പ്പന നല്‍കാറുണ്ട്. ചൊവ്വാഴ്ച രാവിലെ റാഞ്ചിയില്‍ നടന്ന എംഎല്‍എമാരുമായുള്ള യോഗത്തില്‍ അവര്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം കല്‍പ്പനയ്ക്ക് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുന്നതിന് നിയമപരമായ അനേകം തടസ്സങ്ങളുമുണ്ട്. നേരത്തേ ഇഡി ഉദ്യോഗസ്ഥര്‍ സോറന്റെ വീട്ടില്‍ എത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.
അദ്ദേഹത്തെ 24 മണിക്കൂര്‍ ആയി കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, സോറന്‍ സുരക്ഷിതനാണെന്നും ഏറ്റവും അടുപ്പമുള്ളവരുമായി സമ്പര്‍ക്കത്തിലാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി ജെഎംഎം പറയുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജനുവരി 27ന് റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിന്റെ ഔദ്യോഗിക കാരണം അജ്ഞാതമാണെങ്കിലും ഇഡിയുമായി ബന്ധപ്പെട്ട നിയമപരമായ കൂടിയാലോചനകള്‍ക്കാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയതെന്നാണ് ചിലര്‍ പറയുന്നത്.
ഇഡി ഉദ്യോഗസ്ഥര്‍ തന്റെ വസതിയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്ന് സോറന് അറിയാമായിരുന്നെന്നും അതിനാല്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് 1,292 കിലോമീറ്റര്‍ റോഡ് യാത്ര നടത്തിയെന്നും ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം സോറന്‍ അറസ്റ്റിലായാല്‍ കല്‍പ്പനയെ ഭരണം ഏല്‍പ്പിക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനം ഉയരാനും കാരണമായിട്ടുണ്ട്.
إرسال تعليق