കോഴിക്കോട്: സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലായിരുന്നെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയമായി വിയോജിപ്പാകാം. വേദനിപ്പിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ല. കേന്ദ്ര സർക്കാരിന്റെ പരിപാടിയോട് വിയോജിപ്പുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസ് തർക്കം കോൺഗ്രസ് തന്നെ ചർച്ച നടത്തി പരിഹരിക്കും. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല. ഇത്തരം അഭിപ്രായ വ്യത്യാസം അപകടത്തിലേക്ക് പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ഇലക്ഷൻ സ്റ്റണ്ടാണ് നടക്കുന്നത്. ആരാധനയും വിശ്വാസപരവുമായ കാര്യങ്ങളെയും എല്ലാവരും ബഹുമാനിക്കുന്നു. അതിനെ ഇലക്ഷൻ സ്റ്റണ്ട് ആക്കി മാറ്റുന്നതിനെയാണ് മതേതര കക്ഷികൾ എതിർക്കുന്നത്. അയോധ്യ വിഷയം സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന അഭിപ്രായം ഈ ഘട്ടത്തിൽ നടത്താനുദ്ദേശിയ്ക്കുന്നില്ല. ഓരോ രാഷ്ട്രീയപാർട്ടികളുടെയും പ്രതികരണത്തിന് ഓരോ രീതികൾ ഉണ്ടാവും. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനോട് ആരും യോജിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയത്.
വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ 700 ഓളം ആക്രമണങ്ങളാണ് നടന്നത്. അതായത് ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആക്രമിക്കപ്പെടുന്ന അവസ്ഥ. ഇതില്‍ 287 എണ്ണം ഉത്തര്‍പ്രദേശിലാണ്. 148 ഛത്തീസ്ഗഡിലും 49 ജാർഖണ്ഡിലും 47 എണ്ണം ഹരിയാനയിലുമാണ്. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നത് യാദൃശ്ചികമല്ല. 2014 ല്‍ രാജ്യത്ത് ആകെ 140 അക്രമസംഭവങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും കേന്ദ്രത്തില്‍ ബിജെപി ഭരിച്ച കഴിഞ്ഞ 9 വര്‍ഷം ഈ കണക്കുകള്‍ കുത്തനെ കൂടുകയാണ് ചെയ്യുന്നത്. അന്താരഷ്ട്ര ക്രിസ്ത്യന്‍ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യന്‍ വിഭാഗത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും മോശം പതിനൊന്നാമത്തെ രാജ്യമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
إرسال تعليق