മഹാരാജാസ് കോളജിൽ നടന്നത് അതിക്രൂരമായ ആക്രമണമായിരുന്നെന്നും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ഭാഗ്യംകൊണ്ടാണ് യൂണിറ്റ് സെക്രട്ടറി രക്ഷപ്പെട്ടത്. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം നടത്താനായി ഫ്രട്ടേണിറ്റി, കെ എസ് യു സഖ്യം പ്രവർത്തിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അതിൽപ്പെട്ടവരാണ് ഫ്രട്ടേണിറ്റിയിൽ ഉള്ളത്. ഇത്തരം സംഘങ്ങളെയാണ് കെ എസ് യു സംരക്ഷിക്കുന്നത്. ആക്രമണത്തിനെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിരോധം ഉണ്ടാകും. മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി ആക്രമണം നടത്തിയപ്പോഴാണ് തിരിച്ചടി ഉണ്ടായതെന്നും സ്വാഭാവികമായ പ്രതികരണമാണിതെന്നും ആർഷോ വ്യക്തമാക്കി
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസ്. വിദ്യാർഥിനികളടക്കം പ്രതിപട്ടികയിലുണ്ട്. നേരത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്. സംഭവത്തിൽ എസ്എഫ്ഐ കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ്എഫ്ഐ നേതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് എഫ്ഐആർ. കഴുത്തിന് നേരെ കത്തി വീശിയെന്നും കെമിസ്ട്രി ലാബിന് സമീപം കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. വിദ്യാർഥികളുടെ സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളേജ് അടച്ചിരിക്കുകയാണ്.
കുറച്ചു ദിവസങ്ങളായുള്ള സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിൻ്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതും കോളജിനുള്ളിൽ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
إرسال تعليق