Join News @ Iritty Whats App Group

'നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിൽ'; റദ്ദാക്കരുതെന്ന് പ്രിയ വർഗീസ് സുപ്രീം കോടതിയിൽ, പിന്തുണച്ച് സർക്കാർ


ദില്ലി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കരുത്. യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം റദ്ദാക്കാനാകില്ല. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്‍റെ നിയമനമെന്നും പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അഭിഭാഷകരായ ബിജു പി. രാമന്‍, കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് പ്രിയ വർഗീസിനായി സത്യവാങ്മൂലം ഫയല്‍ചെയ്തത്.

അതേസമയം, അസോസിയേറ്റ് പ്രൊഫസര്‍ നിയമന കേസില്‍ പ്രിയ വര്‍ഗീസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡെപ്യൂട്ടേഷൻ സർവ്വസാധാരണമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ഡെപ്യൂട്ടേഷൻ യോഗ്യതയ്ക്ക് കുറവാക്കിയാൽ പ്രോഗ്രാം കോഡിനേറ്റർമാരാവാൻ അധ്യാപകർ തയ്യാറാവില്ല എന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

പ്രിയ വർഗീസിന്‍റെ നിയമനത്തിൽ യുജിസിയുടെ വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയ വര്‍ഗീസ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പ്രിയ വർഗീസിനെ നിയമനം ചട്ടവിരുദ്ധം അല്ലെന്നാണ് കണ്ണൂര്‍ സര്‍വകലാശാല സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ് സർവകലാശാല നിലപാട് അറിയിച്ചത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തില്‍ പറയുന്നത്.

എഫ് ഡി പി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയത്തിൽ കണക്കാക്കാം. സ്റ്റുഡൻറ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും കണ്ണൂർ സർവകലാശാല പറയുന്നു. യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നാണ് പ്രധാന വാദം. ഇന്ന് കേസ് സുപ്രീം കോടതി പരിഗണിക്കും. അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയത് യുജിസി ചട്ടപ്രകാരമാണെന്ന് രജിസ്ട്രാർ നൽകിയ സത്യവാങ്മൂലം അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group