തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണരുടെ നടത്തിയ അറ്റ് ഹോം ചായസല്‍ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു. രാവിലെ നടന്ന റിപബ്ലിക് ദിന ചടങ്ങിലും മുഖത്തോടുമുഖം നോക്കാതെയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ഇരുന്നത്. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്കരണം.
വൈകിട്ട് 6.30 നാണ് ഗവര്‍ണര്‍ രാജ്ഭവനിൽ അറ്റ് ഹോം സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥർ മാത്രമാണ് വിരുന്നില്‍ പങ്കെടുക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നു എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. പ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞെങ്കിലും നേരിൽ സംസാരിക്കാൻ ഗവർണർ കൂട്ടാക്കിയില്ല. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകാനും ഗവർണർ തയ്യാറായില്ല.
നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപനമെന്നു തികച്ചു പറയാന്‍പോലും നില്‍ക്കാതെ, പ്രസംഗം ഒന്നര മിനിട്ടില്‍ ഒതുക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍നിന്ന് പെട്ടെന്ന് മടങ്ങിപ്പോയിരുന്നു. സര്‍ക്കാര്‍ തയാറാക്കി നല്‍കിയ പ്രസംഗത്തിന്റെ തുടക്കത്തിലെ രണ്ടുവരി വായിച്ചശേഷം അവസാനഖണ്ഡികയും വായിച്ച് ഗവര്‍ണര്‍ മടങ്ങുകയായിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്വം സാങ്കേതികമായി നിറവേറ്റിയ ഗവര്‍ണര്‍ അതിലൂടെ സര്‍ക്കാരിനോടുള്ള നീരസവും പ്രകടിപ്പിച്ചു.
إرسال تعليق