ദുബൈ: നാട്ടിലുള്ള ഇരട്ട സഹോദരൻ മരണപ്പെട്ടത് അറിഞ്ഞ് പ്രവാസിയായ സഹോദരൻ മരിച്ചു. തിരുവനന്തപുരത്തുള്ള ഇരട്ട സഹോദരന്‍റെ വിയോഗ വാർത്ത അറിഞ്ഞാണ് പ്രവാസി മനംനൊന്ത് മരിച്ചത്. സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
ഇരട്ടകളായി പിറന്ന് ഇരട്ടകളെ തന്നെ വിവാഹം കഴിച്ച സഹോദരൻമാരാണിവർ. ചെറിയ അപകടത്തെ തുടർന്നാണ് നാട്ടിലുള്ള സഹോദരൻ മരണപ്പെട്ടത്. ഈ വിവരം അറിഞ്ഞ് അധികം കഴിയുന്നതിന് മുൻപ് തന്നെ പ്രവാസ ലോകത്തുള്ള സഹോദരനും മരണപ്പെടുകയായിരുന്നു. നടപടി ക്രമങ്ങൾ പൂര്തത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചു. നാട്ടിൽ മരണപ്പെട്ട സഹോദരന്റെ അടുത്ത് തന്നെ ഇദ്ദേഹത്തിന്റെ മൃതദേഹവും അടക്കം ചെയ്തു. തിരുവനന്തപുരത്ത് താമസിച്ചിരുന്ന സഹോദരൻ മൂത്തയാളായിരുന്നു.
പരസ്പരം വളരെ അടുപ്പമുള്ള സഹോദരങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. സ്കൂൾ കാലം മുതൽ, അവർ എപ്പോഴും പരസ്പരം താങ്ങും തണലുമായി നിലകൊണ്ടിരുന്നു. ഒരേ സ്‌കൂളിലും കോളേജിലും പഠിച്ച് ഒരേ സൗഹൃദവലയം കാത്ത് സൂക്ഷിച്ചവർ. ഇളയ സഹോദരൻ ജോലിക്കായി യുഎഇയിൽ എത്തിയപ്പോഴും അവരുടെ സ്നേഹ ബന്ധം ശക്തമായി തുടർന്നു പോന്നിരുന്നു. ഇരുവരുടെയും മരണം കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
إرسال تعليق