മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഎസി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഗോപിനാഥ് മുതുകാടിനെതിരെയും സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരെയുമുള്ള മുൻ ജീവനക്കാരന്‍റെയും രക്ഷിതാക്കളുടെയും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ കരുവന്നൂർ കരിപ്പാകുളം വീട്ടിൽ കെകെ ശിഹാബ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്.
ഭിന്നശേഷിക്കാരായ 300 ഓളം കുട്ടികൾക്ക് സംഗീതം, നൃത്തം, ചിത്രകല, വിവിധ സംഗീതോപകരണങ്ങൾ എന്നിവയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുമെന്ന് പറയപ്പെടുന്ന ഡി.എ.സി. കുട്ടികളെ ഫണ്ട് ശേഖരണത്തിന് ഉപയോഗിച്ചതായി രക്ഷിതാക്കളും ജീവനക്കാരും ഉൾപ്പെടെ നിരവധി ആളുകളിൽ നിന്ന് ആരോപണങ്ങൾ നേരിട്ടിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ വിദഗ്ധയായ ചിത്ര സിആർ ഡിസംബർ 29 ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥാപനത്തിനെതിരെ സാമ്പത്തിക കെടുകാര്യസ്ഥത ആരോപിച്ച് ഉന്നയിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. അവരുടെ മകൻ ഡിഎസിയിലെ മുൻ വിദ്യാർത്ഥിയായിരുന്നു. കലാകേന്ദ്രത്തിന് അനുവദിച്ച സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതായാണ് അവർ ആരോപണത്തിൽ പറഞ്ഞിരുന്നത്.
സർക്കാരിൻ നിന്നും ഗ്രാന്റ് വാങ്ങുന്നില്ല എന്ന മുതുകാടിന്റെ അവകാശവാദത്തെ വെല്ലുവിളിച്ച് ഈ കേന്ദ്രം സംസ്ഥാന സർക്കാരിൽ നിന്നും രണ്ട് കോടിരൂപ കൈപ്പറ്റിയതായി ചിത്ര ആരോപിച്ചു. 300 കുട്ടികളുള്ള സ്ഥാപനത്തിൽ രണ്ട് സ്പെഷ്യൽ എജ്യൂക്കേറ്റർമാർ മാത്രമേയുള്ളുവെന്നായിരുന്നു മറ്റൊരു വിമർശനം. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വിവാദമായി മാറുകയായിരുന്നു.
സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സിപി ശിഹാബ് വാർത്തസമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചതോടെ വിവാദം സമൂഹ മദ്യമനകളിൽ കത്തി പടർന്നു. പിന്നാലെ നിരവധി രക്ഷിതാക്കളും രംഗത്തെത്തി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹ മാധ്യമങ്ങളിലും ആരോപണം ഉയർന്നു.
സർക്കാറിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും വൻതോതിൽ പണപ്പിരിവ് നടത്തുകയും ചെയ്യുന്നതും സമൂഹം ഏറെ ആദരവോടെ കാണുന്ന ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനത്തിനെതിരായ ആരോപണമായതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് കെകെ ശിഹാബ് പറഞ്ഞു.
2019ൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിതമായ ഡിഫറന്റ് ആർട്ട് സെന്റർ (DAC) ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാജിക്, സംഗീതം, മറ്റ് പെർഫോമിംഗ് ആർട്‌സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഡിഎസി, ഒരു ബാച്ചിൽ 100 കുട്ടികളെ വീതം തിരഞ്ഞെടുത്ത് ടാലന്റ് ടെസ്റ്റിന് ശേഷം ഭിന്നശേഷിയുള്ള കുട്ടികളെ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്.
إرسال تعليق