Join News @ Iritty Whats App Group

അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻ കടവിൽ കൃഷിയിടത്തിൽ കടുവയെ കണ്ടതായി നാട്ടുകാർ


ഇരിട്ടി: കൊട്ടിയൂർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻ കടവിൽ കൃഷിയിടത്തിൽ കടുവയെ കണ്ടതായി നാട്ടുകാർ. തുടർച്ചയായി രണ്ടു ദിവസം പ്രദേശവാസികളായ രണ്ടുപേർ കടവുയെ കണ്ടെതായി വിവരം അറിയിച്ചതോടെ വനം വകുപ്പ് അധികൃതർ മേഖലയിൽ നിരീക്ഷണം ശക്തമാക്കി.
രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് പേരാണ് കടുവയെ കണ്ടതായി ബിവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം രാവിലെ സിജോ കല്ലാനിയിൽ എന്നയാൾ പാലത്തിൻകടവ് പള്ളി- കരി റോഡിൽ വെച്ചാണ് ആദ്യം കടവുയെ കാണുന്നത്. കടുവയുടെ മുന്നിൽപ്പെട്ടതോടെ ഇയാൾ ഭയന്ന് ഓടുകയും വീണ് പരിക്കേൽക്കുകയും ചെയ്തു. ജനവാസ മേഖലയായതിനാൽ നാട്ടുകാർക്ക് വിവരം നൽകുകയും ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സമീപത്ത് തന്നെയുള്ള റബർതോട്ടത്തിൽ സുരേഷ് മാരാംവീട്ടിൽ എന്നയാളും കടുവയെ കണ്ടു. ഇയാൾ ടാപ്പിംങ്ങിനിടയിലായിരുന്നു കടുവയെ കണ്ടത്. പടക്കം പൊട്ടിച്ചിട്ടും കടുവ ഓടാഞ്ഞതിനെ തുടർന്ന് സുരേഷ് ടാപ്പിംങ്ങ് പാതിവഴിയിൽ നിർത്തി തിരിച്ചുപോയി .നേരത്തേയും ഇവിടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാരും പറഞ്ഞു. വനം വകുപ്പ് റാ്പ്പിഡ് റസ്‌ഫോൺസ് ടീമിന്റെ നേതൃത്വത്തിൽ മേഖലയിലെ കൃഷിയിടവും കുറ്റികാടുകൾ നിറഞ്ഞ പ്രദേശവും തിരച്ചിൽ നടത്തിയെങ്കിലും ഇതിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

നാട്ടുകാരിൽ ഉണ്ടായ ഭീതി അകറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് സണ്ണിജോസഫ് എം എൽ എയും ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യനും ഡി എഫ് ഒയോടും കൊട്ടിയൂർ റെയിഞ്ചറോടും ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് കൊട്ടിയൂർ റെയിഞ്ചർ സുധീർ നേരേത്തിന്റെ നേതൃത്വത്തിൽ 15 അംഗം വനപാലക സംഘം മേഖലയിൽ നിരീക്ഷണം ശക്തമാക്കി. വാർഡ് അംഗം ബിജോയി പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ നാട്ടുകാരുടേയും വനം വകുപ്പിന്റെയും യോഗം ചേർന്ന് ജാഗ്രതാ നിർദ്ദേശം നൽകി. രാത്രികാലങ്ങളിലുള്ള യാത്രകൾ കുറച്ചു ദിവസത്തേക്ക് വേണ്ടെന്നു വെക്കണമെന്നും നേരം വെളുത്തതിന് ശേഷം റബർ ടാപ്പിംഗ് പോലുള്ള ജോലികൾ നടത്തണമെന്നും റേഞ്ചർ നിർദ്ദേശിച്ചു. ഇനിയും പ്രദേശത്ത് കടുവയെ കാണുകയാണെങ്കിൽ ക്യാമറ സ്ഥാപിച്ച് കടുവയ്ക്ക് പരിക്കുകളോ, പ്രായത്തിന്റെ അവശതയോ ഉണ്ടോയെന്ന് നിരീക്ഷിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.

Post a Comment

أحدث أقدم
Join Our Whats App Group