തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കുന്നതു സംബന്ധിച്ച് കേരളാ പോലീസും സി.ആര്‍.പി.എഫും തമ്മില്‍ ധാരണയായി. ഗവര്‍ണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക. പോലീസിന്റെ പൈലറ്റ് വാഹനവും ലോക്കല്‍ പോലീസിന്റെ വാഹനവുമെല്ലാം വാഹനവ്യൂഹത്തിലുണ്ടാകും.
നിലവില്‍ കേരളാ പോലീസിന്റെ കമാന്‍ഡോ വിഭാഗമാണ് ഗവര്‍ണറുടെ വാഹനത്തിനൊപ്പം അകമ്പടിയായി പോയിരുന്നത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതോടെയാണ് സി.ആര്‍.പി.എഫ്. അകമ്പടി പോകുന്നത്. ഗവര്‍ണറുടെ റൂട്ട് തീരുമാനിക്കുന്നതും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം പോലീസിന്റെ ചുമതലയാണ്. പോലീസും സി.ആര്‍.പി.എഫും നടത്തിയ സുരക്ഷാ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
രാജ്ഭവനിലെ മുന്‍ഗേറ്റിന്റെ സുരക്ഷ പോലീസിനും ഉള്ളില്‍ സി.ആര്‍.പി.എഫുമായിരിക്കും. നാളെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുമായി വീണ്ടും ചര്‍ച്ച നടത്തും. തുടര്‍ന്ന് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കും. സംഭവത്തില്‍ അറസ്റ്റിലായ 12 എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
ആസിക്(22), ഫയസ് മുഹമ്മദ്(23), അരവിന്ദ്(22), ബുഹാരി(21), വിഷ്ണു(20) അഭിജിത്ത്(22), മുസാഫീര്‍ മുഹമ്മദ്(21), മുഹമ്മദ് ഉെബെസ്(19), ബിനില്‍(22), അഭിനന്ദ്(19), വനിതാ പ്രവര്‍ത്തകരായ അഫ്‌സല്‍ന(21), ആര്യ(22) എന്നിവര്‍ക്കാണ് കൊട്ടാരക്കര കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം 10.45-നായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഗവര്‍ണര്‍ക്കെതിരേ നിലമേല്‍ എന്‍.എസ്.എസ്. കോളജിന് സമീപം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബാനറും കരിങ്കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു.
إرسال تعليق