ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപി ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി. നാളെ ജില്ലാതലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. ഇന്ന് വൈകീട്ട് ഡിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും വമ്പിച്ച പ്രകടനങ്ങൾ നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബിജെപി ക്രിമിനലുകൾ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലാണ് അക്രമത്തിന് നേതൃത്വം നൽകുന്നത്. യാത്രയുടെ റൂട്ട് മാറ്റിയതിന്റെ പേരിൽ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ബിജെപി ക്രിമിനലുകൾ ഹീനമായ അക്രമം ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയും നേതാക്കൾക്കും എതിരെ നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി വാർത്താ കുറിപ്പിൽ പറഞ്ഞു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അഴിമതികൾ രാഹുൽ ഗാന്ധി തുറന്ന് കാട്ടിയത് മുതൽ പ്രതികാര നടപടികളാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹത്തെ ആക്രമിക്കുകയും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ വാഹനം അടിച്ചു തകർക്കുകയും അസം പിസിസി അധ്യക്ഷൻ ഭൂപൻ ബോറയെ കായികമായി ആക്രമിക്കുകയും ചെയ്തു. ബിജെപി ക്രിമിനലുകളുടെ അക്രമ രാഷ്ട്രീയത്തിനെതിരെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ടി.യു.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു
إرسال تعليق