തലശ്ശേരി: മസ്കറ്റില്‍ നിന്നും സൗദി അറേബ്യ വഴി നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ പരിഹാരമായില്ല.
ന്യൂമാഹി സ്വദേശിയായ യുവാവാണ് വിദേശത്തു നിന്നും പുറപ്പെട്ടിട്ടും ഇനിയും വീട്ടിലെത്താത്തത്. ന്യൂമാഹി പെരിങ്ങാടി പുതിയ റോഡ് നയറസിലെ വള്ളില്‍ ആബുട്ടിയെയാണ് (34) ദുരൂഹ സാഹചര്യത്തില്‍ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ കാണാതായത്.മസ്കറ്റിലെ വാദി കബീര്‍ എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന അബുട്ടി നാട്ടിലേക്കുള്ള യാത്രയില്‍ ഡിസംബര്‍ രണ്ടിന് ഒമാനില്‍ നിന്നും സൗദിയിലേക്ക് പോവുന്നതിനായി മാതാവ് ഷാഹിദയെ അറിയിച്ചിരുന്നു. റോഡ് വഴിയായിരുന്നു യാത്ര. സൗദിയിലെ റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ടിക്കറ്റ് എടുത്തതായി കോപ്പി സഹിതം ഉമ്മയ്ക്ക് വിവരം നല്‍കിയതാണ്.
ഇതേതുടര്‍ന്ന് തൊട്ടടുത്ത ദിവസം ആ ബൂട്ടിയുടെ ഭാര്യയും മക്കളുമൊത്ത് മകനെ സ്വീകരിക്കാൻ ഉമ്മ ഷാഹിദ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. റിയാദില്‍ നിന്നുള്ള വിമാനമെത്തി യാത്രക്കാര്‍ മുഴുവൻ പുറത്ത് എത്തിയിട്ടും ആബുട്ടി മാത്രം വന്നില്ല. മൂന്ന് മണിക്കൂര്‍ കാത്തിരുന്നിട്ടും കാണാതായതോടെ വിമാനത്താവള ഓഫിസില്‍ തിരക്കിയപ്പോള്‍ അങ്ങനെ ഒരാള്‍ റിയാദില്‍ നിന്നുള്ള വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം കിട്ടിയത്.
റിയാദില്‍ നിന്നും ബോര്‍ഡിങ് പാസെടുത്താണെങ്കിലും എമിഗ്രേഷൻ കഴിഞ്ഞിരുന്നില്ലെന്ന് തുടര്‍ അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു. റിയാദിലെ കിങ് ഖാലിദ് വിമാന താവളത്തില്‍ അബുട്ടിക്ക് എന്തു സംഭവിച്ചിരുന്നുവെന്ന് ഇതുവരെ ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മകനെ കാണാതായ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഉമ്മയും ബന്ധുക്കളും ഇന്ത്യൻ എംബസിക്ക് കത്തു നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സ്പീക്കര്‍ എ. എൻ ഷംസീര്‍, വടകര എം.പി കെ.മുരളിധരൻ , തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത തുടരവെ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. യുവാവിനെ സൗദി പൊലിസ് അറസ്റ്റു ചെയ്തതായി നേരത്തെ അഭ്യൂഹം പരന്നിരുന്നുവെങ്കിലും പിന്നീട് അതു തെറ്റാണെന്ന് തെളിയുകയായിരുന്നു.
إرسال تعليق