ഒരു മാസം മുൻപ് 43 രൂപ മൊത്തവിലയുണ്ടായിരുന്ന വെള്ളക്കുറുവയ്ക്ക് ഇപ്പോൾ 46 രൂപയാണ് വില. ചില്ലറവിപണിയിൽ അഞ്ചു രൂപയെങ്കിലും അധികം നൽകണം. ഉണ്ട മട്ടയ്ക്ക് ആറു മാസത്തിനിടെ ഉണ്ടായ വർധന 12 രൂപ വരെയാണ്. 34 -35 രൂപ വില ഉണ്ടായിരുന്ന അരിയുടെ ഇന്നത്തെ വില 45 -46 രൂപയാണ്. വടി മട്ടയ്ക്കും 10 രൂപയുടെ വർധന ഉണ്ടായി.
ബംഗാളിൽനിന്ന് എത്തുന്ന സ്വർണ, സുലേഖ എന്നിവയ്ക്കും വിലകൂടിയിട്ടുണ്ട്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. പൊന്നി അരിയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു രൂപയുടെ വർധനയുണ്ടായി. മൊത്ത വിപണിയില്‍ 48 രൂപ മുതല്‍ 65 രൂപ വരെയാണ് പൊന്നി അരിയുടെ വില. ചില്ലറ വിപണിയിലെത്തുമ്പോള്‍ 55 മുതല്‍ 73 രൂപ വരെയെത്തും. ബിരിയാണിക്കുപയോഗിക്കുന്ന കോലം അരിക്കും വൻ വിലവർധനയാണ്. 66 രൂപ ഉണ്ടായിരുന്ന കോലം അരിക്ക് ഇന്ന് 77 – 78 രൂപ വരെ നൽകണം 10 രൂപയോളമാണ് വര്‍ധിച്ചത്.
ആറുമാസം മുന്‍പ് 90 രൂപയ്ക്കു ലഭിച്ചിരുന്ന ബസുമതിക്കാകട്ടെ ഇന്ന് 120 -125 രൂപ വരെ നല്‍കണം. ആന്ധ്ര കുറുവയ്ക്കു ചില്ലറ വിപണിയില്‍ 47 മുതല്‍ 54 രൂപ വരെ വിലയുണ്ട്. കയറ്റുമതി വര്‍ധിച്ചതും കര്‍ഷകര്‍ കൂടുതല്‍ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്കു മാറിയതുമാണു വില ഉയരാന്‍ കാരണമായിരിക്കുന്നത്.
അന്ധ്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്കു പ്രധാനമായും അരിയെത്തുന്നത്. ഇവിടങ്ങളില്‍ വിളവെടുപ്പ് സീസണാകുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ. തൊഴിൽ കുറഞ്ഞതും ഭീമമായ വിലക്കറ്റവും സാധാരണക്കാരെ ശ്വാസം മുട്ടിക്കുകയാണ്.
إرسال تعليق