ശബരിമല: ശബരിമലയില്‍ മകരവിളക്ക് തിങ്കളാഴ്ച. നാലുലക്ഷം പേരെങ്കിലും പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശിക്കുന്നതിനായി എത്തുമെന്ന പ്രതീക്ഷയില്‍ ശബരിമലയില്‍ ക്രമീകരണങ്ങളായി.
ദര്‍ശനം കാത്തുനില്ക്കുന്ന എല്ലാവര്ക്കും വെള്ളം, ഭക്ഷണം എന്നിവ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് 14, 15നു സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. കഴിഞ്ഞ 60 ദിവസമായി അന്നദാനം നല്‍കുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
15നു വൈകുന്നേരം അഞ്ചിനാണ് നടതുറക്കുന്നത്. 5.15 ന് തിരുവാഭരണഘോഷയാത്രയെ സ്വീകരിക്കാനായി ശരംകുത്തിയിലേക്കു ദേവസ്വം ബോര്‍ഡ് അധികാരികള്‍ പോകും. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ ദീപാരാധനയിലേക്ക് ആനയിക്കും. ദീപാരാധനയോടനുബന്ധിച്ചാണ് ജ്യോതി തെളിയുക.
ശബരിമലയില്‍ പത്ത് വ്യൂ പോയിന്റുകള്‍
മകരജ്യോതി ദര്‍ശനത്തിനായി ശബരിമലയില്‍ മാത്രം പത്ത് വ്യൂ പോയിന്റുകളാണ് ഉള്ളത്. ഇവിടങ്ങളിലേക്കാവശ്യമായ സുരക്ഷാ വേലികള്‍, പ്രകാശ ക്രമീകരണം എന്നിവ സജ്ജമാക്കും.
പാണ്ടിത്താവളം, വാട്ടര്‍ടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്സിന് മുന്‍വശത്തെ തട്ടുകള്‍, ബിഎസ്എന്‍എല്‍ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകള്‍ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിനു മുന്‍വശം, ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകള്‍.
ഇവിടെ തമ്പടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ദര്‍ശനം കോംപ്ലക്സ് പരിസരം, മാഗുണ്ട അയ്യപ്പ നിലയം, ഉരല്‍ക്കുഴി എന്നിവിടങ്ങളിലും പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഭക്തജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി.
പര്‍ണശാല കെട്ടുന്നവര്‍ തീ കൂട്ടുന്നതും പാചകം ചെയ്യുന്നതും പോലീസ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ വിരി വയ്ക്കാനും പര്‍ണശാല കെട്ടാനും പാടുള്ളൂ. ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.
ശബരിമലയ്ക്കു പുറത്തും വ്യൂ പോയിന്റുകള്‍
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിനായുള്ള പത്തനംതിട്ട ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ചു. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി.
വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ആംബുലന്‍സ് സജ്ജീകരണം ഉള്‍പ്പെടുന്ന വൈദ്യസംഘത്തെ ഓരോ വ്യൂ പോയിന്റിലും ക്രമീകരിക്കും.
തിരുവാഭരണ ഘോഷയാത്ര നാളെ
പന്തളം: പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര 13ന് ഉച്ചയ്ക്ക് പുറപ്പെടും. പരമ്പരാഗത പാതയിലൂടെ കാല്‍നടയായി നീങ്ങുന്ന ഘോഷയാത്ര 15നു വൈകുന്നേരം ശബരിമലയിലെത്തും. മകരവിളക്കുനാള്‍ സന്ധ്യയ്ക്ക് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക.
പന്തളം രാജകുടുംബാംഗം അംബിക തമ്പുരാട്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് വലിയകോയിക്കല്‍ ക്ഷേത്രവും സ്രാമ്പിക്കല്‍ കൊട്ടാരവും അടച്ചിരിക്കുന്നതിനാല്‍ ഇത്തവണത്തെ ഘോഷയാത്ര ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും. രാജകുടുംബാംഗങ്ങള്‍ ആരുംതന്നെ ഇത്തവണ ഘോഷയാത്ര ചടങ്ങുകള്ക്കുണ്ടാകില്ല.
നാളെ രാവിലെ കൊട്ടാരത്തിലെ സുരക്ഷാമുറിയില്‍ തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡിനു കൈമാറും. പിന്നീട് തിരുവാഭരണങ്ങള്‍ പേടകങ്ങളിലേക്കു മാറ്റും. തുടര്‍ന്ന് തിരുവാഭരണ പേടകങ്ങള്‍ തിരുമുറ്റത്തേക്ക് എഴുന്നള്ളിക്കും. പുത്തന്‍മേട തിരുമുറ്റത്ത് അലങ്കരിച്ച പന്തലില്‍ പേടകങ്ങള്‍ വയ്ക്കും. 12.30വരെ പൊതുജനങ്ങള്‍ക്കു തിരുവാഭരണങ്ങള്‍ ദര്‍ശിക്കാം. വാദ്യമേളങ്ങളുടെയും ശരണംവിളികളുടെയും അകമ്പടിയോടെ ഉച്ചയ്ക്ക് ഒന്നിന് ഘോഷയാത്ര പുറപ്പെടും.
إرسال تعليق