Join News @ Iritty Whats App Group

വികസിതഭാരതം ഉള്‍പ്പടെയുള്ള ദേശീയലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കാം; റിപ്പബ്ലിക് ദിന സന്ദേശവുമായി മുഖ്യമന്ത്രിയും ഗവര്‍ണറും


ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവര്‍ത്തിച്ചുറപ്പിക്കേണ്ട സന്ദര്‍ഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. ആ മൂല്യങ്ങളുടെ നിലനില്‍പ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമര്‍പ്പണമാണ് ഈ റിപ്പബ്ലിക്ക് ദിനത്തില്‍ നമുക്ക് അവര്‍ത്തിച്ചുറപ്പിക്കാനുള്ളത്.

ഏത് ഭേദചിന്തകള്‍ക്കും അതീതമായി മാനവികതയെ ഉയര്‍ത്തിപ്പിടിക്കാനും ജനമനസ്സുകളെയാകെ കൂടുതല്‍ ഒരുമിപ്പിക്കാനും നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്.

കേരളം ഈ റിപ്പബ്ലിക് ദിനത്തില്‍ നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണ്. പുതിയ തലമുറകളുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് നമ്മള്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുകയാണ്. അതില്‍ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി മുമ്പോട്ടു പോവുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത് സഫലമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായി നമുക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാമെന്ന് അദേഹം റിപ്പബ്ലിക്ക് ദിനാ സന്ദേശത്തില്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. ”പുരോഗമനോന്മുഖമായ ഭരണ സങ്കല്‍പനവും അഭിവൃദ്ധിയുടെ ഫലം എല്ലാവരിലുമെത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യവുമാണ് ഭാരതത്തിന്റെ ജനാധിപത്യത്തിലൂടെയുള്ള തീര്‍ത്ഥയാത്രയ്ക്ക് വഴികാട്ടിയത്.

ഒരു ജനതയായി നമ്മെ ഒന്നിപ്പിക്കുന്ന ഭാരതീയ ആദര്‍ശങ്ങള്‍ പ്രതിഫലിക്കുന്ന ഭരണഘടനയാണ് നമ്മുടേത്.

ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചും ഭാരതീയതയുടെ അന്തസത്ത ഉള്‍ക്കൊണ്ടും വികസിതഭാരതം ഉള്‍പ്പടെയുള്ള ദേശീയലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group